എല്‍പിജി സിലിണ്ടര്‍ വില വര്‍ധന; ദുരിത കാലത്ത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

  • 04/12/2020


രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍  മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോള്‍ ഡീസല്‍  വില വര്‍ദ്ധനയ്ക്ക് പുറമെ ഇപ്പോള്‍  എല്‍.പി.ജിക്ക് 50 രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപ നല്‍കണം. വാണിജ്യ സിലിണ്ടറിന് 55 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയുമായി. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ജോലിയും കൂലിയും ഇല്ലാതിരിക്കുമ്പോഴാണ് ഈ ഇരുട്ടടി.

അന്താരാഷ്ട്ര തലത്തില്‍ വിലയില്‍ മാറ്റമില്ലാത്തപ്പോഴും വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.  ഈ സെപ്തംബറിലാണ് പാചകവാതകത്തിനുള്ള സബ്‌സിഡി എടുത്ത് കളഞ്ഞുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്.  ജനദ്രോഹപരമായ നടപടികള്‍ കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍  നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Related News