ആര്‍ജിസിബിക്ക് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കരുത്; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

  • 05/12/2020

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് അനുചിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂട്ടിക്കാട്ടി അദ്ദേഹം കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു. മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കത്തയച്ച കാര്യം അറിയിച്ചത്. 

കുറിപ്പിന്റെ പൂര്‍ണരൂപം 
സ്വാതന്ത്ര്യാനന്തരം മതവര്‍ഗീയത തീര്‍ത്ത നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വര്‍ഗീയത പോലുള്ള സങ്കുചിത ചിന്തകകള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മാനവികത ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എം. എസ്. ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിനു നല്‍കുന്നത് അനുചിതമാണ്. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത്. ശാസ്ത്രമുള്‍പ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്‌കൃതിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാര്‍ത്തുന്നത് അനീതിയാണ്. വര്‍ഗീയതയില്‍ ഊന്നിയ വെറുപ്പിന്റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടത്. ഈ പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചു കൊണ്ട്, പ്രസ്തുത തീരുമാനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനു കത്തയച്ചു.


Related News