എന്തുകൊണ്ട് ഗോള്‍വാള്‍ക്കറുടെ പേര് കൊടുക്കാന്‍ പാടില്ല? കാരണങ്ങള്‍ നിരത്തി എംബി രാജേഷ്

  • 05/12/2020


എന്തുകൊണ്ട് ഗോള്‍വാള്‍ക്കറുടെ പേര് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് കൊടുക്കാന്‍ പാടില്ല എന്നതിന്റെ കാരണങ്ങള്‍ നിരത്തി സിപിഐഎം നേതാവ് എംബി രാജേഷ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിച്ചിരിക്കുന്നത്. ഗോള്‍വാള്‍ക്കര്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാത്തയാളും സ്വാതന്ത്ര്യാനന്തരം  ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഒരു സംഭാവനയും നല്‍കാത്തയാളും മാത്രമല്ല, ഇന്ത്യ എന്ന ആശയത്തെ തകര്‍ത്ത് അപരിഷ്‌കൃതമായ മത രാഷ്ട്ര സങ്കല്പം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളുമാണ് എന്നതാണ് ഒന്നാമത്തെ കാരണമായി രാജേഷ് പറയുന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം 
എന്തുകൊണ്ട് ഗോള്‍വാള്‍ക്കറുടെ പേര് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് കൊടുക്കാന്‍ പാടില്ല?

1. ഗോള്‍വാള്‍ക്കര്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാത്തയാളും സ്വാതന്ത്ര്യാനന്തരം  ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഒരു സംഭാവനയും നല്‍കാത്തയാളും മാത്രമല്ല, ഇന്ത്യ എന്ന ആശയത്തെ തകര്‍ത്ത് അപരിഷ്‌കൃതമായ മത രാഷ്ട്ര സങ്കല്പം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളുമാണ്.
2. സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തില്‍ മാത്രമാണെന്നും അതുവരെ പാരതന്ത്ര്യം മാത്രമാണെന്നും പ്രഖ്യാപിച്ചയാളാണ്.
3. സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമായ ഭരണഘടനയെ മനുസ്മൃതിയെ ഉള്‍ക്കൊള്ളാത്തത്,ഹിന്ദു വിരുദ്ധം, അഭാരതീയം എന്നിങ്ങനെ ആക്ഷേപിച്ച് തള്ളിക്കളഞ്ഞയാളാണ്. 
4. ഭരണഘടനയുടെ ഭാഗം 4, അനുഛേദം 51  A(h) ഇങ്ങനെ പറയുന്നു.
' ശാസ്ത്രബോധം ,മാനവികത, അന്വോഷണ ത്വര, പരിഷ്‌കരണ ആഭിമുഖ്യം എന്നിവ വളര്‍ത്തുക ' പൗരന്‍മാരുടെ മൗലിക കടമയാണ്.
ശാസ്ത്ര ബോധത്തിന്റേയും മാനവികതയുടേയും സ്വതന്ത്ര ചിന്തയുടെയും ശത്രുപക്ഷത്ത് മാത്രം നിലയുറപ്പിച്ച ഒരു സംഘടനയുടേയും പ്രത്യയശാസ്ത്രത്തിന്റെയും ആചാര്യനാണ് ഗോള്‍വാള്‍ക്കര്‍.
5. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരും ഹിന്ദു രാഷ്ട്രത്തിന്റെ ആന്തരിക ശത്രുക്കളാണെന്ന് പ്രഖ്യാപിച്ചയാളാണ്.( വിചാരധാര ഗോള്‍വാള്‍ക്കര്‍,ആറാം പതിപ്പ്, കുരുക്ഷേത്ര പ്രകാശന്‍,പേജ് 217242 വരെ. )
6. ' സെമിറ്റിക് വംശങ്ങളെ ഉന്‍മൂലനം ചെയ്ത് ലോകത്തെ ഞെട്ടിച്ച, വംശീയാഭിമാനം അതിന്റെ പരകോടിയിലെത്തിയ ജര്‍മ്മനിയില്‍ നിന്ന് ഹിന്ദുസ്ഥാന്  പഠിക്കാനും പ്രയോജനപ്പെടുത്താനും നല്ലൊരു പാഠമുണ്ട് ' (We or our nationhood defined, M. S. Golwalkar, Bharat Publications, Page 35 ) എന്നും ഹിന്ദു വംശത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 'പൗരാവകാശങ്ങള്‍ പോലും ' നല്‍കരുത് (അതേ പുസ്തകം, പേജ് 48 ) എന്നുമൊക്കെയുള്ള അനേകം അഭിപ്രായങ്ങളിലൂടെ മത രാഷട്ര വാദത്തിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം  പ്രചരിപ്പിച്ച് ഇന്ത്യയെ വര്‍ഗ്ഗീയമായി ആഴത്തില്‍ ഭിന്നിപ്പിച്ചയാളാണ്.വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വിളനിലങ്ങളാണ് അദ്ദേഹത്തിന്റെ  പുസ്തകങ്ങളും പ്രസംഗങ്ങളുമെല്ലാം..
6. സര്‍വ്വോപരി മഹാത്മാ ഗാന്ധി വധത്തിന്റെ പേരില്‍ സര്‍ദാര്‍ പട്ടേല്‍  ആര്‍.എസ്.എസ്.നെ നിരോധിച്ചപ്പോള്‍ അതിന്റെ മേധാവിയായിരുന്നു.
ഇതേ തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്ത്, ഗാന്ധിജി വധിക്കപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പ് ഗാന്ധിജിയെ അധിക്ഷേപിച്ച് പ്രസംഗിച്ചയാളാണ്. ഓ.എന്‍.വി.യും മലയാറ്റൂരുമടക്കം അതിനെ ചോദ്യം ചെയ്തപ്പോള്‍ RSS വളണ്ടിയര്‍മാര്‍ ഗോള്‍വാള്‍ക്കറുടെ മുന്നിലിട്ട് തല്ലിച്ചതച്ച കാര്യം മഹാകവി ഓ.എന്‍.വി. ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞതോര്‍ക്കുക. (കലാകൗമുദി, 1992)
ഇങ്ങനെയൊരാളുടെ പേര് ഒരു ദേശീയ സ്ഥാപനത്തിന് നല്‍കുന്നത് അനീതിയാണ്. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഗവേഷണ സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസിന് പ്രത്യേകമായി ഒരു പേര് നല്‍കണമെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായത് മഹാനായ ശാസ്ത്രജ്ഞന്‍ ഡോ. പുഷ്പ എം. ഭാര്‍ഗ്ഗവയുടെ പേരാണ്. ഇന്ത്യന്‍ ജീവശാസ്ത്രത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
വാല്‍ക്കഷ്ണം: പശുവിന്റെ മാംസവും പാലും ഒരേ ജീവശാസ്ത്ര പ്രക്രിയയിലൂടെ രൂപം കൊള്ളുന്നതിനാല്‍ പാലു കുടിക്കുന്നതും ശരിയല്ലല്ലോ എന്ന് ഗോള്‍വാള്‍ക്കറോട് ഒരു യോഗത്തില്‍ നേരിട്ട് ചോദിച്ച ഭാര്‍ഗ്ഗവയെക്കുറിച്ച് ധവളവിപ്ലവത്തിന്റെ പിതാവ് വര്‍ഗ്ഗീസ് കുര്യന്‍ എഴുതിയിട്ടുണ്ട്. 'എല്ലാം രാഷ്ട്രീയമല്ലേ?' എന്ന് ചോദിച്ച് ഗോള്‍വാള്‍ക്കര്‍ തര്‍ക്കത്തില്‍ നിന്ന് പിന്‍വാങ്ങിയത്രേ.

Related News