സ്വപ്‌നയ്ക്ക് നേരെ വധഭീഷണി; ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് ചെന്നിത്തല

  • 09/12/2020

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍  സംസ്ഥാന സര്‍ക്കാര്‍  തന്നെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടക്കുളങ്ങര ജയിലില്‍  സ്വപ്നയ്ക്ക് വധ ഭീഷണിയുണ്ടായിട്ടുണ്ടെങ്കില്‍  ഇതില്‍  സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. കേന്ദ്ര ഏജന്‍സികള്‍  ജാഗ്രത പാലിക്കണം.

മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന്‍  ഓരോ തവണയും ചോദ്യം ചെയ്യലില്‍  നിന്ന് ഒഴിഞ്ഞു മാറുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ്. രവീന്ദ്രന്റെ ജീവനും  ഭീഷണിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ . അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം.  രോഗ കാരണങ്ങള്‍ പറഞ്ഞ് സ്ഥിരമായി ചോദ്യം ചെയ്യലില്‍  നിന്നും  ഒഴിഞ്ഞു മാറുന്ന രവീന്ദ്രന്റെ ആരോഗ്യം എയിംസ് ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ജയിലിലെ വധഭീഷണിയെപ്പറ്റിയുള്ള സ്വപ്നയുടെ മൊഴിയും, സി എം രവീന്ദ്രന്റെ  ദുരൂഹമായ പ്രവര്‍ത്തനങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍  സ്വര്‍ണക്കടത്ത് കേസ് ആട്ടിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും  വ്യക്തമാകുന്നു. സ്വന്തം മന്ത്രിസഭയിലെ ആളുകളെക്കുറിച്ചടക്കം ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

Related News