മലമ്പനി: പൊതുജന സഹകരണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

  • 10/12/2020


മലമ്പനി തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. മലമ്പനി നിവാരണലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തമായി നടത്തി വരുന്നുണ്ട്. അന്യ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ യാത്ര വിവരം യഥാസമയം ഡോക്ടറെ ധരിപ്പിക്കണം എന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. 

കുറിപ്പിന്റെ പൂര്‍ണരൂപം 

സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നായ മലമ്പനി നിവാരണലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തമായി നടത്തി വരുന്നു. അന്യ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ യാത്ര വിവരം യഥാസമയം ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്. മലമ്പനി നിവാരണം പരിസര ശുചീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജന സഹകരണം അത്യാവശ്യമാണ്.
എന്താണ് മലമ്പനി?
ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി. ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിയ്ക്ക് കാരണമാകുന്നത്. അനോഫിലസ് വിഭാഗത്തില്‍ പെട്ട പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്. വെവാക്‌സ്, മലേറിയേ, ഓവേല്‍, ഫാല്‍സിപ്പാറം, നോവേല്‌സി എന്നിങ്ങനെ അഞ്ച് തരം മലമ്പനികളാണുള്ളത്.

രോഗ ലക്ഷണങ്ങള്‍
രോഗാരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണ് മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടര്‍ന്നു പനിയും പ്രത്യക്ഷപ്പെടും. പിന്നീട് രോഗി നന്നായി വിയര്‍ക്കുമ്പോള്‍ ശരീരതാപം താഴുന്നു. നിശ്ചിത ഇടവേളയിലാണ് പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഈ പനിക്കിടയില്‍ രോഗിക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും കാണുകയുമില്ല. പരിശോധനയില്‍ കരളിനും പ്ലീഹയ്ക്കും വീക്കം, വിളര്‍ച്ച എന്നിവയുണ്ടാകും. എന്നാല്‍ ഫാല്‍സിപ്പാറം മൂലമുള്ള മലേറിയയില്‍ മേല്‍പറഞ്ഞ കൃത്യമായ ഇടവേള കാണുകയില്ല. രക്ത സ്മിയര്‍ പരിശോധന, ആര്‍ഡിടി എന്നീ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.
ചികിത്സ
എല്ലാ വിഭാഗത്തില്‍പ്പെട്ട മലമ്പനി രോഗങ്ങള്‍ക്കും അംഗീകൃത മാര്‍ഗരേഖ പ്രകാരമുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. അതിനാല്‍ മുന്‍കൂട്ടി കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായി ഭേദമാക്കാനും, മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാനും സാധിക്കും.

രോഗപ്രതിരോധം
മലമ്പനിക്കെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം ഒഴിവാക്കുക. സെപ്റ്റിക് ടാങ്കുകള്‍ കൊതുകു കടക്കാതെ വലയുപയോഗിച്ച് മൂടണം

Related News