തീര്‍ത്തും ഒരു ശ്മശാനഭൂമി പോലെ തന്നെ ആളൊഴിഞ്ഞ് പെട്ടിമുടി; അനുഭവക്കുറിപ്പ്

  • 12/12/2020


ഒരുരാത്രി കൊണ്ട് നിരവധിപ്പേരുടെ ജീവന്‍ കവര്‍ന്ന ആ മണ്ണിടിച്ചല്‍ ആരും മറന്നിട്ടുണ്ടാകില്ല. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പെട്ടിമുടില്‍ എത്തിയ അഗ്രിക്കള്‍ച്ചര്‍ അസിറ്റന്റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ്ജ് പെട്ടിമുടിയിലെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ആര്‍ക്കും വേണ്ട ഒരു ശ്മശാനഭൂമിയായി പെട്ടിമുടി മാറിയെന്ന് ജോബി പറയുന്നു. 

കുറിപ്പ് 

ഇത്തവണത്തെ ഇലക്ഷന്‍ ഡ്യൂട്ടി ദേവികുളം താലൂക്കിലെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി , ഇടമലക്കുടി റിട്ടേണിങ്ങ് ഓഫീസറുടെ ടീമില്‍ ആയിരുന്നു. മൂന്നാറില്‍ നിന്നും ഏകദേശം 36 കിലോമീറ്റര്‍ അകലെ വനത്തില്‍ ഉള്ളില്‍ ആയിട്ടാണ് ഈ ഗിരിവര്‍ഗ മേഖല ഡ്യൂട്ടിയുടെ ഭാഗമായി പെട്ടിമുടി വഴി പോകേണ്ടി വന്നു.
പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്ന് ബാക്കിയുള്ള കുടുംബങ്ങള്‍ കൂടി ഒഴിഞ്ഞ് പോയിരിക്കുന്നു . 74 ഓളം ജീവനുകള്‍ ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടലിന്റെ ഭീകരത ഇപ്പോഴും പ്രകൃതിയില്‍ ദൃശ്യമാണ്.  മാസങ്ങള്‍ കഴിഞ്ഞെങ്കിലും കനത്ത മഴയില്‍ മലമുകളില്‍ നിന്ന് ഊര്‍ന്നിറങ്ങിയ ഉരുളിന്റെ സഞ്ചാരപാത ഇപ്പോഴും വ്യക്തമായിക്കാണാം. ഒരു ഗ്രാമം തന്നെ അവിടെ നിന്ന് തുടച്ചുമാറ്റപ്പെട്ടു. 
9B.jpg

രക്ഷപ്പെട്ടവര്‍ ആ ദുരന്ത സ്മരണകള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യാത്തോണ്ടാവാം ദുരന്ത ഭൂമിയില്‍ നിന്ന് എന്നേ ഒഴിഞ്ഞ് പോയിരിക്കുന്നു. ദുരന്ത സമയത്ത് ' കുവി ' എന്ന വളര്‍ത്തു നായയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മനസ്സില്‍ വന്നു ..... കുവി നടന്ന വഴികളിലൂടെ കുറച്ചു സമയം നടന്നു .... മലമുകളില്‍ നിന്ന് ഒഴുകിയെത്തിയ ചെളിയും മണ്ണും മരങ്ങള്‍ക്കുമിടയില്‍ ഒരു റ്റെഡി ബിയര്‍ പാവക്കുട്ടി അനാഥമായി കിടക്കുന്നുണ്ടായിരുന്നു......
9D.jpg

ദുരന്തത്തില്‍ മരണപ്പെട്ട കുട്ടികളുടെ ആരുടെയോ നെഞ്ചോട് ചേര്‍ത്തിരുന്ന പാവക്കുട്ടി .... ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു 20 ഓളം വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ട് കിടക്കുന്നുണ്ടത്രേ അവയില്‍ ചിലത് ദുരന്തത്തിന്റെ ഭീകരത വിളിച്ച് പറയുന്നതായി തോന്നി. ഒരുമിച്ച് താമസിച്ചിരുന്നവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍ ഒരുമിച്ച് നിത്യ വിശ്രമം കൊള്ളുന്നതും വഴിമധ്യേ കാണാം ...... തീര്‍ത്തും ഒരു ശ്മശാനഭൂമി പോലെ തന്നെ ആളൊഴിഞ്ഞ് പെട്ടിമുടി..... ഈ കുറഞ്ഞ മാസങ്ങള്‍ക്കൊണ്ട് തന്നെ പെട്ടിമുടി നമ്മുടെ ഒക്കെ മനസ്സുകളില്‍ നിന്ന് പോലും വിസ്മൃതിയില്‍ ആണ്ട് പോയിട്ടുണ്ടാകാം അല്ലേ....?

Related News