സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനത നല്‍കിയ ആംഗീകാരം: തോമസ് ഐസക്ക്

  • 16/12/2020

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദല്‍ വികസനപ്പാതയ്ക്ക് കേരള ജനത നല്‍കിയ അംഗീകാരമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. യുഡിഎഫിനോ ബിജെപിക്കോ ഇത്തരമൊരു കര്‍മ്മ പരിപാടി മുന്നോട്ടു വയ്ക്കുന്നതിനു കഴിഞ്ഞില്ല. ബിജെപിക്കാവട്ടെ പ്രകടപത്രികപോലും ഉണ്ടായില്ല.  ഈ നേട്ടത്തിനു മുന്നില്‍ നിന്നും നയിച്ചത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ്. കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഏകോപനവും എത്ര സമര്‍ത്ഥമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്തത്. എടുത്തു പറയേണ്ടത് മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയാണ്. അത് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയത് അഭൂതപൂര്‍വമായ പ്രതികരണമാണ്. 

ഭക്ഷ്യകിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും എല്ലാ മാസവും മുടക്കം കൂടാതെ ജനങ്ങളിലെത്തിച്ചു. നൂറു ദിനങ്ങളിലും നാം വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. യുഡിഎഫിന്റെ കാലത്ത് നാം കണ്ട തട്ടിക്കൂട്ട് ഉദ്ഘാടനങ്ങളുടെ രീതിയിലല്ല അവ നടന്നത്. സ്‌കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെ ജനങ്ങളുടെ കണ്‍മുന്നില്‍ മാറ്റത്തിന്റെ സന്ദേശമെത്തിച്ചു. നൂറു ദിന പരിപാടിയെ അത്രമാത്രം സമര്‍ത്ഥമായി ജനങ്ങളുടെ കണ്ണിലെത്തിക്കുന്നതിന് നമ്മുടെ മുഖ്യമന്ത്രി വഹിച്ച പങ്ക് വലുതാണ്. കൊവിഡ് പ്രതിരോധം ജനങ്ങളില്‍ വലിയ മതിപ്പ് സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ ദിവസംതോറുമുള്ള അവലോകനം വസ്തുത കൃത്യമായി ജനങ്ങളില്‍ എത്തിക്കുക മാത്രമല്ല, വലിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്തു. നേതൃത്വത്തിന്റെ സാന്നിദ്ധ്യം തീരുമാനങ്ങളും സേവനങ്ങളുമായി നിത്യജീവിതത്തില്‍ എത്തുകയും ചെയ്തു. കൊവിഡ് കാലത്ത് ജനങ്ങള്‍ക്കു ചികിത്സയും സമാശ്വാസവും നല്‍കാന്‍ ഇത്രയേറെ പ്രവര്‍ത്തിച്ച മറ്റൊരു സംസ്ഥാന സര്‍ക്കാരിനെ കാണാനാവില്ല.

കൊവിഡ് പ്രതിരോധത്തിനു മാത്രമല്ല, ലോക്ഡൗണില്‍ നിന്നും സമ്പദ്ഘടനയെ പുറത്തു കടത്തുന്നതിനുള്ള കര്‍മ്മപരിപാടിക്കും രൂപം നല്‍കി. കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണതലത്തില്‍ തീരുമാനമുണ്ടായി. അതു മാത്രമല്ല, നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരമല്ല, ഒരുലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കിഫ്ബി പദ്ധതികളാവട്ടെ രാജ്യത്തെ ഏറ്റവും വലിയ ഉത്തേജക പാക്കേജായി മാറുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിനെ സംബന്ധിച്ചോ? രാഷ്ട്രീയമായും സംഘടനാപരമായും ആകെ തകര്‍ന്ന അവസ്ഥയിലാണവര്‍. വര്‍ഗീയശക്തികളുമായുള്ള സഖ്യത്തിന്റെ കാര്യത്തിലും രണ്ടു നേതാക്കള്‍ക്ക് നാലഭിപ്രായമായിരുന്നു. ജമായത്തെ ഇസ്ലാമിയെപ്പോലുള്ള വര്‍ഗീയ സംഘടനകളുമായി അവരുണ്ടാക്കിയ കൂട്ടുകെട്ട് ബിജെപിയ്ക്ക് വലിയതോതില്‍ ഇന്ധനമായിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് ബോധ്യമാകും. യുഡിഎഫിന്റെ അടിത്തറ തന്നെ ഒലിച്ചുപോകുന്ന കാഴ്ചയാണ് നാം കണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരിക്കും ജമായത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യവും ബിജെപിയെക്കുറിച്ചുള്ള വിമര്‍ശനം നിര്‍ത്തിവച്ചതും. കുപ്രചരണങ്ങള്‍ കൊണ്ടും കെട്ടുകഥകള്‍ കൊണ്ടും നിര്‍വീര്യമാക്കാവുന്ന വികസന മുന്നേറ്റമല്ല, കേരളത്തില്‍ നടക്കുന്നത്. ജനങ്ങള്‍ കണ്ണു തുറന്നു തന്നെ എല്ലാം കാണുന്നുണ്ട്. അവരുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകര്‍ക്കില്ല എന്നു കൂടി തെളിയുകയാണ് എന്നും തോമസ് ഐസക്ക് പറഞ്ഞു. 

Related News