അഭയ കൊലക്കേസ്; രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

  • 23/12/2020

അഭയ കൊലക്കേസില്‍ പ്രതികളായ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ.ഒന്നാം പ്രതിയായ തോമസ് കോട്ടൂരിനുംമൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തത്തിന് പുറമെ 5 ലക്ഷം രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധികം പിഴ ചുമത്തിയിട്ടുണ്ട്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും പരമാവധി ചെറിയ ശിക്ഷ നല്‍കണമെന്നുമാണ് തോമസ് കോട്ടൂര്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടത്. രോഗികളായ മാതാപിതാക്കളുണ്ടെന്ന് സിസ്റ്റര്‍ സെഫി വാദിച്ചു.ഇവരെ സംരക്ഷിക്കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്നും സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്നും തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. സിബിഐ കോടതി ജഡ്ജി സനല്‍കുമാറാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.


 ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലപാതകം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ്.28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. കേരളത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ തന്നെ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് 28 വര്‍ഷത്തെ ചരിത്രമുള്ള ഈ കേസില്‍ സംഭവിച്ചത്.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്.

Related News