കേരളത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയില്‍

  • 29/12/2020



കൊച്ചി: ഓണ്‍ലൈനിലൂടെ കോടികള്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശി മനോതേഷ് ബിശ്വാസ് ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ എറണാകുളം റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഒന്നരക്കോടിയിലേറെ രൂപയാണ് രണ്ടുമാസത്തിനിടെ ഇവര്‍ തട്ടിയെടുത്തത്.

മനോതേഷ് വിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലെ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തിരുന്നു. ആദ്യം പണം ഉള്ള ആളുകളുടെ അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്തും. അതിന് ശേഷം യൂസര്‍നെയിമും പാസ്വേര്‍ഡും സ്വന്തമാക്കിയ ശേഷം ഒ.ടി.പി ശേഖരിക്കും. ഇതിനായി മാത്രം ഒരാളെ കൊല്‍ക്കത്തയില്‍ നിന്ന് ഈ സംഘം കേരളത്തിലെത്തിച്ചതായും അന്വേഷണ സംഘം പറഞ്ഞു.

ബാങ്കില്‍ നിന്നു ഫോണ്‍ നമ്പര്‍ ശേഖരിച്ച് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കൈവശപ്പെടുത്തിയ ശേഷമാണ് ഈ സംഘം ഒ.ടി.പി ശേഖരിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 87 ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിയത്. തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഘത്തിലെത്തിച്ചത്.

Related News