ഇന്നലെ വരെ ആനന്ദവല്ലി തൂപ്പുകാരി, ഇനി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ്

  • 29/12/2020

പത്തനാപുരം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പത്ത് വര്‍ഷമായി ആനന്ദവല്ലി തൂപ്പുകാരിയായിരുന്നു. എന്നാല്‍ ഇനി അങ്ങനെയല്ല. തലവൂരില്‍ നിന്ന് കൊണ്ട് വോട്ടുകള്‍ തൂത്തുവാരി ആ പഞ്ചായത്ത് തന്നെ ഭരിക്കാന്‍ തയ്യാറാവുകയാണ് ഇവര്‍. തലവൂര്‍ വാര്‍ഡില്‍ നിന്ന് പട്ടികജാതി ജനറല്‍ സീറ്റില്‍ വിജയിച്ച തലവൂര്‍ ഞാറക്കാട്ട് ശ്രീനിലയം വീട്ടില്‍ ആനന്ദവല്ലിയെന്ന വല്ലി ചേച്ചിക്കാണ് അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ചത്.

മത്സരിക്കാന്‍ പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും എല്ലാവര്‍ക്കും ചിരപരിചിതയായ ആനന്ദവല്ലിയെയാണ് സി.പി.എം നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയത്. യു.ഡി.എഫിലെ സുമ സോമനെ 654 വോട്ടിന് പിന്നിലാക്കിയാണ് ആനന്ദവല്ലി വിജയിച്ചത്.




ആര് പ്രസിഡന്റാകണമെന്ന ചര്‍ച്ച എല്‍.ഡി.എഫില്‍ സജീവമായപ്പോഴും നറുക്ക് തനിക്ക് വീഴുമെന്ന് ആനന്ദവല്ലി ഒരിക്കലും കരുതിയിരുന്നില്ല. 30ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കണമെന്ന് നേതൃത്വം അറിയിച്ചപ്പോഴും വല്ലിചേച്ചിക്ക് അമ്പരപ്പ്. അനുമോദനങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതോടെ നാടൊന്നാകെ ആഘോഷത്തിലായി.

ബ്ലോക്ക് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളി അതേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത് അപൂര്‍വമായേക്കാം. സാധാരണ കുടുംബത്തില്‍ ജനിച്ച ആനന്ദവല്ലി പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോള്‍ നാടിനും ഇത് അഭിമാന നിമിഷമാണ്. പെയിന്റിംഗ് തൊഴിലാളിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ മോഹനനാണ് ഭര്‍ത്താവ്. ബിരുദ വിദ്യാര്‍ത്ഥിയായ മിഥുന്‍ മോഹന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് എന്നിവരാണ് മക്കള്‍.

Related News