തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി ശ്രീലങ്കന്‍ മന്ത്രി

  • 29/12/2020



തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള്‍ രാജ്പക്‌സെ. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള്‍ രാജ്പക്‌സെ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെയുടെ മകനാണ് നമള്‍ രാജ്പക്‌സെ. 

യുവത്വത്തെ അധികാരമേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യയെ തിരഞ്ഞെടുത്തത്. ഭരണ പരിചയം ഇല്ല എന്ന കാരണങ്ങളാല്‍ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതെല്ലാം മറികടന്നാണ് ആര്യയെ മേയര്‍സ്ഥാനത്തേക്ക് എത്തിയത്. 

ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു ആര്യ. 2872 വോട്ടിന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശ്രീകല( 41), എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശകുന്തളദേവി( 52) എന്നിവരെ പിന്‍തള്ളിക്കൊണ്ടാണ് ആര്യ വിജയിച്ചത്. കോളേജിലും പൊതു തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ച് പരിചയമുള്ള ആര്യ സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയത് യുവത്വത്തിന്റെ പ്രസരിപ്പുമായാണ്. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്.സി. മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.െഎ. സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.ഐ.സി. ഏജന്റ് ശ്രീലതയുടെയും മകളാണ് ആര്യ.

Related News