പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട; ഭൂമി നല്‍കേണ്ടത് സര്‍ക്കാരെന്ന് നെയ്യാറ്റിന്‍കര ദമ്പതികളുടെ മക്കള്‍

  • 02/01/2021

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ നല്‍കിയാലേ ഭൂമി സ്വീകരിക്കൂ എന്ന് നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍. വസന്തയില്‍ നിന്ന് പണം കൊടുത്ത് വാങ്ങിച്ച ഭൂമി വേണ്ട. അയല്‍വാസിയായ വസന്തയ്ക്ക് ഈ ഭൂമിയില്‍ അവകാശമില്ല. നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്നും രാജന്റെ മക്കള്‍ പറഞ്ഞു.

വിവാദഭൂമി വാങ്ങി നല്‍കാനുള്ള വ്യവസായിയുടെ നീക്കത്തോടാണ് പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ മനസ്സിന് നന്ദിയെന്ന് മക്കള്‍ പറഞ്ഞു.

അതേസമയം, വസന്ത കാണിച്ച രേഖകള്‍ തെറ്റാണെങ്കില്‍ നിയമ നടപടിയുമായി പോകുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്​ അംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ്​ ഭൂമി വാങ്ങിയതെന്ന്​ ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട്​ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തി സ്ഥല ഉടമ വസന്തയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി.  ആ സ്ഥലത്ത് വീട് പണി പൂര്‍ത്തിയാകുന്നത്​ വരെ കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തയാറാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു

വാർത്തയുമായി ബന്ധപ്പെട്ട്  ബോബി ചെമ്മണൂരിന് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒപ്പം തര്‍ക്കത്തിലുള്ള ഭൂമി എങ്ങനെ വാങ്ങുമെന്നതടക്കം സംശയങ്ങളുയര്‍ത്തിയും നിരവധി പേര്‍ രംഗത്തെത്തുന്നു. 

Related News