അനിൽ പനച്ചൂരാൻ അന്തരിച്ചു

  • 03/01/2021

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ
ആശുപത്രിയിലായിരുന്നു അന്ത്യം.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

അനിൽ പനച്ചൂരാൻ 

1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കവിതാസമാഹാരങ്ങള്‍. ആദ്യ ചലച്ചിത്രം  അറബിക്കഥ 2007, അതിലെ ചോര വീണ മണ്ണിൽ നിന്നും എന്ന് തുടങ്ങുന്ന ഗാനം എഴുതിയതും,  പാടിയതും ആ രംഗത്ത് അഭിനയിച്ചതും അനിൽ പനച്ചൂരാൻ ആയിരുന്നു. ലൗഡ് സ്പീക്കർ,  ഭ്രമരം, കഥപറയുമ്പോൾ എന്നിവയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേയം

Related News