പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയവരില്‍ നാല് മലയാളികളും

  • 10/01/2021




2021ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയവരില്‍ മലയാളികളും. 30 പേരടങ്ങിയ പട്ടികയില്‍ നാല് പേര്‍ മലയാളികളാണ്. പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, കെ.ജി ബാബുരാജന്‍, ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്, ന്യൂസിലന്‍ഡില്‍ ലേബര്‍ പാട്ടി എംപിയും മന്ത്രി പദവിയിലേക്കെത്തിയ പ്രിയങ്ക രാധാകൃഷ്ണന്‍ എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായ മലയാളികള്‍. രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.ജനുവരി 9 പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴി പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുകയായിരുന്നു.

ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ആണ് ഡോ. സിദ്ദീഖ് അഹമ്മദ്. പതിനാറ് രാജ്യങ്ങളിലായി നാല്‍പതിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് രംഗത്തെ നേട്ടങ്ങളാണ് സിദ്ദീഖിന് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഭാര്യ  നുഷൈബ, മക്കള്‍  റിസ്വാന്‍, റിസാന, റിസ്വി.

ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്‍എന്‍ടി ഡോക്ടറുമാണ് ഡോ. മോഹന്‍ തോമസ്. എറണാകുളം സ്വദേശിയായ അദ്ദേഹം കോവിഡ് കാലത്ത് ലോകം മുഴുവന്‍ പരിഭ്രാന്തരായ വേളയില്‍ ഖത്തറിലും ഖത്തറിനു പുറത്തും മനുഷ്യ നന്മയുടെ പ്രതീകമായി മാറിയിരുന്നു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് വൈദ്യ സഹായമെത്തിക്കുന്നതിന് രൂപീകരിച്ച കമ്യൂണിറ്റി ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിച്ചത് ഡോ. മോഹന്‍ തോമസ് ആയിരുന്നു. കോവിഡ് സമയത്ത് അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെയാണ് ഖത്തറില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് തിരിച്ചത്.

ബഹ്‌റൈനില്‍ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ ശോഭിച്ച വ്യക്തിയാണ് ബാബു രാജന്‍. 1981ല്‍ ബഹ്‌റൈനില്‍ എത്തിയ ബാബുരാജന്‍ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന 25 കി.മീ ദൂരമുള്ള കിങ് ഹമദ് കോസ്വേയുടെ നിര്‍മ്മാണത്തില്‍ പങ്കുവഹിച്ചത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ട്രാക്റ്റിങ്, കണ്‍സ്ട്രഷന്‍, ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ മേഖലകളില്‍ സ്വതന്ത്രജോലികള്‍ ഏറ്റെടുക്കുകയും ഇതിനൊപ്പം ഖത്തര്‍ എഞ്ചിനീയങ് ലാബ് ആരംഭിച്ചതും അദ്ദേഹമാണ്. 
 
ന്യൂസിലാന്‍ഡ് പൊതു പ്രവര്‍ത്തനരംഗത്ത് സജീവമാണ് പറവൂര്‍കാരിയായ പ്രിയങ്ക രാധാകൃഷ്ണന്‍. നിലവില്‍ ജസിന്‍ന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമാണ്.  സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിക്കുന്നത്.  രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും തൊഴില്‍ വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടമാണ്.ന്യൂസിലന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യക്കാരിയാണ് പ്രിയങ്ക.

Related News