ഹജ്ജ് യാത്രയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കി

  • 13/01/2021



കോഴിക്കോട്: കോവിഡ് കാരണം ഹജ്ജ് യാത്രയ്ക്കായുള്ള വിമാനത്താവളങ്ങളുടെ എണ്ണം കുറച്ചതോടെ മലബാറിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർ പ്രതിസന്ധിയിലായി. വിമാനത്താവളങ്ങളുടെ എണ്ണം പത്തായി ചുരുക്കിയതോടെ കരിപ്പൂർ വിമാനത്താവളം പട്ടികയിൽ നിന്നും പുറത്തായി. കേരളത്തിൽ നെടുമ്പാശ്ശേരി മാത്രമാണ് ഹജ്ജ് ക്യാമ്പ് ആയിട്ടുള്ളത്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഉള്ളത് മലബാറില്‍ നിന്നാണ്. ഇവർക്ക് ഏറ്റവും സൗകര്യപ്രദമായ കരിപ്പൂർ വിമാനത്താവളം പട്ടികയില്‍ നിന്ന് ഒഴിവാകുന്നതോടെ ഇനി മുതല്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ മുഴുവന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് ഒരു ദിവസം മുമ്പായി പോകേണ്ടി വരും. അതിനാല്‍ തന്നെ കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഉണ്ടായിരുന്നു. പിന്നീട്  കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ്ണസജ്ജമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വിമാനത്താവള അധികൃതരും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ പലതവണ അറിയിച്ചതാണ്. എന്നാല്‍ ഇത് കേന്ദ്രം ചെവിക്കൊണ്ടില്ല എന്നതിനാലാണ് ഇപ്പോള്‍ ഹജ്ജ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂര്‍ പുറം തള്ളപ്പെട്ടത്. 

ജൂലൈ മാസത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്നത്. അതിനു മുമ്പായി കരിപ്പൂരിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് മലബാറിലെ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. 
വൈഡ് ബോഡി വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ലെങ്കില്‍ ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്ന് തന്നെ തീര്‍ത്ഥാടകരെ കൊണ്ടുപോകണമെന്നാണ് മലബാറിലെ രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ ആവശ്യപ്പെടുന്നത്. 

Related News