പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി ; സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി; പെന്‍ഷന്‍ 3500 രൂപ; പ്രവാസികൾക്ക് കൈത്താങ്ങായി സർക്കാർ

  • 15/01/2021




കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടവും തിരിച്ചൊഴുക്കും തീവ്രമായ ഘട്ടത്തിൽ പ്രവാസി സമൂഹത്തെ കൈവിടാതെ സംസ്ഥാന സർക്കാർ.  പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയും  സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും അനുവദിച്ചു.  ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനുപുറമേ  പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയാക്കുമെന്നും, പ്രവാസികളുടെ  പെന്‍ഷന്‍ 3500 രൂപയാക്കി ഉയർത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിൽപരമായ അനിശ്ചിതത്വവും തിരിച്ചൊഴുക്കും തുടരവെ, പ്രവാസി സമൂഹം കേരള ബജറ്റിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് ഉതകുന്നതാണ് സർക്കാരിന്റെ പ്രഖ്യാപനം.  ആകർഷകമായ പുനരധിവാസ പദ്ധതി, കുറഞ്ഞ പലിശയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായം, മെച്ചപ്പെട്ട ഇൻഷുറൻസ് പദ്ധതി, തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തിയുള്ള സംരംഭങ്ങൾ ഉൾപ്പെടെ പ്രവാസലോകം പല നിർദേശങ്ങളും സർക്കാരിനോട് മുന്നോട്ട് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ ബജറ്റിൽ പ്രവാസികൾക്ക് അനുകൂലമായി പ്രത്യേക പദ്ധതി അവതരിപ്പിച്ചത്.

Related News