എന്‍എസ്എസിനെ കൂട്ടുപിടിക്കാന്‍ തന്ത്രം പയറ്റി ബിജെപി; മന്നം ജയന്തിക്ക് ആശംസ അര്‍പ്പിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

  • 19/01/2021



തിരുവനന്തപരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്ഥാനമുറപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന ബിജെപി എന്‍എസ്എസിനെയും കൂടെ നിര്‍ത്താന്‍ ശ്രമം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളാ സന്ദര്‍ശനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച തരപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. എന്‍എസ്എസിനെ ഒപ്പം നിര്‍ത്താനായാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമായി മാറുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.

എന്‍എസ്എസിനെ പിടിക്കുക ലക്ഷ്യമിട്ട് മന്നം ജയന്തിക്ക് ആശംസ അര്‍പ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ട്വീറ്റ് ചെയ്യുകയും ഇതിന് നന്ദി അറിയിച്ച് സുകുമാരന്‍ നായര്‍ രണ്ടു പേര്‍ക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ എത്തുമ്‌ബോള്‍ സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്താന്‍ നരേന്ദ്ര മോഡി തയ്യാറാകുന്നത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ട്വീറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍എസ്എസ് മുഖപത്രത്തിലും രേഖപ്പെടുത്തിയിരുന്നു.

ഇത്തവണ മന്നം ജയന്തി ദേശീയ അന്താരാഷ്ട്ര തലത്തില്‍ പ്രസക്തി ഏറ്റിയെന്നാണ് സര്‍വീസസിന്റെ മുഖപ്രസംഗത്തില്‍ എഴുതിയത്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തുമ്‌ബോള്‍ പ്രധാനമന്ത്രിയുടേയും സുകുമാരന്‍ നായരുടേയും കൂടിക്കാഴ്ച സാധ്യമാക്കാനാണ് ബിജെപി ശ്രമം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആരുമായും ഒരു തരത്തിലുമുള്ള രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്കില്ല എന്ന നിലപാടിലായിരുന്നു എന്‍എസ്എസ് നേതൃത്വം. എന്നാല്‍ പ്രധാനമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം മാറ്റിയേക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ക്രിസ്തീയ സഭകളുടെ തര്‍ക്കത്തിലും ബിജെപി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

Related News