നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

  • 20/01/2021

98-ാം വയസിൽ കോവിഡിനെ തോൽപ്പിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.

ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
cob.jpg

രണ്ടുദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.

1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്.

സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ കെ ബാലൻ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം: 

പ്രശസ്ത നടൻ ശ്രീ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. വളരെ വൈകിയാണ് അദ്ദേഹം സിനിമയിലെത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടനായി മാറി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എന്നും തിളങ്ങിനിൽക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഏറെ അടുപ്പം പുലർത്തിയ കലാകാരനാണ് അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Related News