മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടു; യുഡിഎഫിൻ്റെ ഘടകകക്ഷിയാകും

  • 13/02/2021

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടു. താൻ യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുന്നത് യു‍ഡിഎഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്ന് കാപ്പൻ പറഞ്ഞു. എൽഡിഎഫ് തന്നോടു നന്ദികേട് കാണിച്ചെന്നും പുതിയ പാർട്ടി രൂപീകരിക്കുന്നതിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫ് പ്രഖ്യാപനം സംബന്ധിച്ച് മാണി സി കാപ്പൻ വ്യക്തത വരുത്തുന്നത്. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നൽകുമെന്നും യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും മുൻപ് കോൺഗ്രസ് നേതാക്കളടക്കം വ്യക്തമാക്കിയിരുന്നു.

തന്നെ കേന്ദ്രനേതൃത്വം കൈവിട്ടിട്ടില്ലെന്നാണ് മാണി സി കാപ്പൻ അവകാശപ്പെടുന്നത്. എന്നാൽ ഒരു നിയമസഭാ സീറ്റിൻ്റെ പേരിൽ മുന്നണി വിടുന്നതിനോടു എൻസിപിയിലെ എ കെ ശശീന്ദ്രൻ വിഭാഗത്തിനു യോജിപ്പില്ലാത്തതിനാൽ മാണി സി കാപ്പൻ മാത്രമായിരിക്കും മുന്നണി വിടുക എന്നാണ് വിലയിരുത്തൽ. എ കെ ശശീന്ദ്രൻ്റെ നിലപാട് കൂടി പരിശോധിച്ച ശേഷമായിരിക്കും മുന്നണി വിടുന്നതിൽ തീരുമാനമെടുക്കുകയെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ഇടതുസർക്കാരിനെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും ശരദ് പവാർ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യം തന്നോട് ശരദ് പവാർ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മാണി സി കാപ്പൻ്റേത് എൽഡിഎഫ് പ്രവർത്തകരോടുള്ള വഞ്ചനയാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മന്ത്രി എം എം മണി അടക്കമുള്ളവർ തള്ളിപ്പറഞ്ഞതോടെ മാണി സി കാപ്പൻ മുന്നണി വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. മാണി സി കാപ്പന് പ്രസക്തിയില്ലെന്നായിരുന്നു ഇന്നു രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ പ്രതികരണം. എൻസിപി ഇടതുമുന്നണിയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News