ഡോളർ കടത്ത് കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന് കർശന വ്യവസ്ഥകളോടെ ജാമ്യം നേടി

  • 16/02/2021

കൊച്ചി: ഡോളർ കടത്ത് കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കർശന വ്യവസ്ഥകളോടെ ജാമ്യം നൽകാമെന്ന് കസ്റ്റംസ് അറിയിച്ചു. കുറച്ച് സമയം മുൻപാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കേസിൽ സന്തോഷ് ഈപ്പൻ അഞ്ചാം പ്രതിയാണ്. ലൈഫ് മിഷൻ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കി.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പന് എറണാകുളം ഇക്കണോമിക് ഒഫൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയ കമ്മീഷൻ തുക ഡോളർ ആക്കി മാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. അതേസമയം നിലവിൽ പ്രതികരിക്കാനില്ലെന്നും മറുപടി വടക്കാഞ്ചേരിയിൽ പറയുമെന്നും ജാമ്യം നേടി പുറത്തിറങ്ങിയ സന്തോഷ് ഈപ്പൻ വ്യക്തമാക്കി.

കേസിൽ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കരാറിനായി ഒരു ലക്ഷത്തിതൊണ്ണൂറായിരം ഡോളർ നൽകിയതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും കസ്റ്റംസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യൽ.

Related News