സംസ്ഥാനത്ത് ആദ്യ ഘട്ട കൊവിഡ് വാക്സിൻ വിതരണം വിജയകരം: 93.84 ശതമാനം ആരോഗ്യപ്രവർക്കാരും വാക്‌സിൻ സ്വീകരിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ

  • 18/02/2021



തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഘട്ട കൊവിഡ് വാക്സിൻ വിതരണം വിജയകരമായതായി കണക്കുകൾ. 93 ശതമാനം ആളുകൾക്കും കൊവിഡ് വാക്‌സിൻ വിതരണം നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ എന്നിവർക്കുള്ള ആദ്യഘട്ട വാക്‌സിനേഷനിൽ 93.84 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചിരിക്കുന്നത്.

ആദ്യം രജിസ്റ്റർ ചെയ്തവരിൽ നിന്നും രണ്ട് പ്രാവശ്യം പേര് ചേർക്കപ്പെട്ടവർ, ഗർഭിണികൾ, വിവിധ ആരോഗ്യ കാരണങ്ങളാൽ വാക്‌സിൻ എടുക്കുവാൻ കഴിയാത്തവർ, വാക്‌സിൻ നിരസിച്ചവർ എന്നിവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. അവരെ ഒഴിവാക്കി ആകെ രജിസ്റ്റർ ചെയ്ത 3,57,797 പ്രവർത്തകരിൽ 3,35,754 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. രജിസ്റ്റർ ചെയ്തതിന് ശേഷം എന്തെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാൻ കഴിയാതിരുന്ന ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ രജിസ്റ്റർ ചെയ്ത 100 ശതമാനം ആരോഗ്യ പ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചു. 99.11 ശതമാനത്തോടെ പാലക്കാടും 98.88 ശതമാനത്തോടെ വയനാടും 99.01 ശതമാനത്തോടെ കൊല്ലം ജില്ലയും തൊട്ടുപുറകിലുണ്ട്. ആദ്യ ഘട്ടത്തിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകിത്തുടങ്ങി.

സംസ്ഥാനത്ത് ഇതുവരെ 3,35,754 ആരോഗ്യ പ്രവർത്തകരും 50,151 കൊവിഡ് മുന്നണി പോരാളികളും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,85,905 പേരാണ് സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്. 129 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.

രണ്ടാം ഘട്ടത്തിൽ വാക്‌സിനേഷൻ സ്വീകരിക്കുന്ന പോലീസ്, സൈന്യം, കേന്ദ്ര സായുധ സേന, മുനിസിപ്പൽ, പഞ്ചായത്ത്, റവന്യൂ ജീവനക്കാരിൽ 1,44,003 പേർ ഇതുവരെ രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 36,302 പേർക്കാണ് കൊവാക്‌സിൻ നൽകിയത്. വാക്‌സിനെതിരായ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി വ്യക്തമാക്കി.

Related News