യുവതിയെ തട്ടിക്കൊണ്ടുപോയത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘം; ബിന്ദുവിനെ തേടി കസ്റ്റംസും

  • 23/02/2021

ആലപ്പുഴ: മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പാലക്കാട്ട് ഉപേക്ഷിച്ച സംഭവത്തിൽ കസ്റ്റംസിന്റെ അന്വേഷണവും. യുവതിക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് കസ്റ്റംസ് സംഘവും അന്വേഷണം നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ മാന്നാർ പോലീസ് സ്‌റ്റേഷനിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് സംഘം എത്തിയിരുന്നു. വൈകാതെ ഇവർ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.

മാന്നാറിലെ വീട്ടിൽനിന്ന് കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്ക് ശേഷം യുവതിയെ ഇവർ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചു. തുടർന്ന് യുവതി പോലീസ് സ്‌റ്റേഷനിലെത്തി അഭയം തേടുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ദുബായിൽനിന്നെത്തിയ യുവതിയെ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അതിനിടെ, യുവതിക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുബായിൽനിന്ന് ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോൾ ഇത് വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായി ബിന്ദുവും പോലീസിന് മൊഴി നൽകി. എന്നാൽ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ദുബായിൽനിന്ന് കൊണ്ടുവന്ന സ്വർണം മറ്റാർക്കെങ്കിലും കൈമാറിയോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. ഹനീഫ എന്നയാളാണ് ദുബായിൽവെച്ച് ബിന്ദുവിന് സ്വർണം നൽകിയതെന്നും ഇയാളാണ് രണ്ടുതവണ യുവതിക്ക് വിസിറ്റിങ് വിസ സംഘടിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.

Related News