ആവശ്യങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി: എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു

  • 28/02/2021

തിരുവനന്തപുരം: പിഎസ്‍‍സി എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായതിനെ തുടർന്നാണ് പിഎസ്‍‍സി ഉദ്യോഗാർത്ഥികൾ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെര. കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ പ്രതികരിച്ചു.

നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലിസമയം എട്ട് മണികൂറാക്കി ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്ടിക്കും എന്ന് മന്ത്രി ഉറപ്പ് നൽകി. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഈ ഒഴിവുകൾ നികത്തുമെന്നും ചർച്ചയിൽ തീരമാനമായി. പിന്തുണച്ച സംഘടനകൾക്ക് ഉദ്യോഗാർത്ഥികൾ നന്ദിയറിയിച്ചു. അതേസമയം, സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു. ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ.

അതേസമയം, യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കും. സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ശംഖുമുഖത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവർക്ക് സ്വീകരണവും നൽകും.

Related News