നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു

  • 01/03/2021

ന്യൂ ഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇത് അവസാനത്തെ നീട്ടലാണെന്നും ഇതിൽ കൂടുതൽ സമയം നൽകില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയ ഹർജി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി നൽകണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും, പ്രോസിക്യുട്ടർ ഹാജരാവാത്തതിനാലുമാണ് നിർദേശിച്ച സമയത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് എന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടിനൽകുന്നത്. നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയിൽ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടർന്ന് വിചാരണ പൂർത്തിയാക്കാൻ 2020 ഓഗസ്റ്റിൽ ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.

Related News