ദേവൻ ബിജെപിയിൽ; കേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു

  • 07/03/2021


തിരുവനന്തപുരം: മലയാള സിനിമ നടൻ ദേവൻ ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടിയുമായിട്ടാണ് ദേവൻ ഇത്രയും കാലം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്നത്. കേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് വരുന്നത്. 

17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടു വന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ എന്നും കോളേജ് കാലം തൊട്ടേ താൻ കെ.എസ്.യു പ്രവർത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു. ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്തും ഇന്ന് ബിജെപിയിൽ ചേർന്നു.

ദേവനെ കൂടാതെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്.

Related News