നാല് സീറ്റിൽ മത്സരിച്ച കക്ഷിയ്ക്ക് ഇത്തവണ ഒരു സീറ്റും തന്നില്ല: എൻഡിഎ വിട്ട് പി സി തോമസ് കേരളാ കോൺഗ്രസ് ചെയർമാനാകും

  • 17/03/2021

കൊച്ചി: നിർണായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്ചയിൽ ആശ്വാസമേകി പി ജെ ജോസഫും പി സി തോമസും. സീറ്റ് നൽകാതെ എൻഡിഎ പിസി തോമസിനെ തഴഞ്ഞപ്പോൾ കോടതി വിധിയോടെ സ്വന്തമായി പാർട്ടിയില്ലാതായി നിസാഹായനായ പി ജെ ജോസഫിന് പി സി തോമസിൻ്റെ പാർട്ടി കരുത്തായി. അങ്ങനെ പിസി തോമസ് യുഡിഎഫിലേക്ക്. എൻഡിഎ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പി സി തോമസ് എൻഡിഎ വിടുകയും ചെയ്തോടെ ഇരുകൂട്ടർക്കും പുതിയ വഴി തുറന്നു. പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരളാ കോൺഗ്രസ് പാർട്ടിയിൽ ലയിക്കും.
 
ലയനത്തോടെ പി ജെ ജോസഫ് പാർട്ടി ചെയർമാനാവും. പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും, മോൻസ് ജോസഫ് വൈസ് ചെയർമാനുമാവും. ഇന്ന് കടുത്തുരുത്തിയിൽ നടക്കുന്ന യോഗത്തിൽ ലയന പ്രഖ്യാപനം ഉണ്ടാവും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന പേര് ലഭിക്കുകയും, തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തിൽ പരിഹാരമാവുകയും ചെയ്യും.

കഴിഞ്ഞ പ്രാവശ്യം നാല് സീറ്റിൽ മത്സരിച്ച കക്ഷിയാണ്. ഇത്തവണ ഒരു സീറ്റും തന്നില്ല. പാലായിൽ മത്സരിക്കണമെന്ന് തന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ ഇത്തവണ മത്സര രംഗത്തേക്ക് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടാണോ എന്നറിയില്ല ഒരു സീറ്റ് പോലും തന്നില്ലെന്ന് പി.സി തോമസ് പറഞ്ഞു.

എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. എന്നാൽ, ബിജെപിയിൽ നിന്ന് വലിയ അവഗണന നേരിട്ടെന്നാണ് പി സി തോമസ് പക്ഷത്തിന്റെ വിലയിരുത്തൽ. നേരത്തേ യുഡിഎഫിലെത്താൻ പിസി തോമസ് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞിരുന്നു. മാറിയ സാഹചര്യത്തിലാണ് പുതിയ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞത്.

Related News