നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ

  • 20/03/2021

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷി വിഭാഗക്കാർക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് തടസ്സം കൂടാതെ നിർവഹിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു.

റിട്ടേണിംഗ് ഓഫീസർമാർ മുഖാന്തിരം അർഹരായവർക്ക് തപാൽ വോട്ടിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തിലെത്തുന്നതിനായി വീൽചെയർ, റാമ്ബ് സൗകര്യമൊരുക്കും. ഭിന്നശേഷി വിഭാഗക്കാർക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് ചെയ്യാൻ സഹായിക്കാനും അങ്കണവാടി, ആശാ വർക്കർമാരുടെ സേവനം ലഭ്യമാക്കും. ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കാണ് അതത് പഞ്ചായത്തുകളുടെ മേൽനോട്ടച്ചുമതല.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗക്കാരിൽ പോസിറ്റീവായവർ, രോഗലക്ഷണമുള്ളവർ, ക്വാറന്റൈനിലുള്ളവർ എന്നിവർക്ക് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ് സൗകര്യവും അനുവദിക്കും. ഇക്കൂട്ടർക്ക് അവസാന മണിക്കൂറിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.

Related News