ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയെന്ന് ചെന്നിത്തല

  • 11/11/2020


മുഖ്യമന്ത്രിയുടെ ഓഫീസിനെതരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 55 മാസമായി മുഖ്യമന്ത്രിയുടെ ഓഫീസ്  അധോലോക കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ നടന്നത്  അഴിമതിയും  സ്വര്‍ണ്ണക്കള്ളക്കടത്തും, കള്ളപ്പണം വെളുപ്പിക്കലുമാണ്.  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന ഈ അധോലോക പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണ് ഇന്ന് കോടതിയുടെ മുമ്പാകെ ഇ.ഡി നല്‍കിയ റിപ്പോര്‍ട്ട്. 

വികസന പ്രവര്‍ത്തനം എന്ന പേരില്‍ നടന്നവയെല്ലാം കള്ളപ്പണം വെളുപ്പിക്കാനുള്ള പരിപാടികളായിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തു മാത്രമല്ല, പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍  സ്വപ്നയ്ക്കും, അധോലോകത്തിനും കൈമാറുകയെന്ന പണി കൂടെയാണ് ശിവശങ്കരന്‍  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെയ്തിരുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ടയക്കാന്‍ തുടക്കം മുതല്‍ വിമാനത്താവള അധികൃതരിലും, കസ്റ്റംസിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സമ്മര്‍ദ്ദം  ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ശിവശങ്കരനും, സി.എം രവീന്ദ്രനുമാണ് കള്ളക്കടത്തുകാര്‍ക്ക് വേണ്ടി എല്ലാ ഒത്താശകളും  ചെയ്തുകൊടുത്തിരുന്നത്. ഇക്കാര്യം പ്രതിപക്ഷം പല തവണ ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ ഓഫീസില്‍ നിന്ന് ആരും കള്ളക്കടത്തുകാര്‍ക്കു വേണ്ടി വിളിച്ചിട്ടില്ല എന്ന കള്ളം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.  മുഖ്യമന്ത്രിയുടെ എല്ലാ കള്ളങ്ങളും പൊളിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും  കസേരയില്‍  അള്ളിപ്പിടിച്ചിരിക്കാതെ മുഖ്യമന്ത്രി ഉടന്‍  രാജിവച്ചു പുറത്തുപോകണം എന്നും രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.

Related News