കിഫ്ബി: ധനമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നുവെന്ന് ചെന്നിത്തല

  • 14/11/2020

ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയില്‍ നടക്കുന്ന തട്ടിപ്പ് പിടിക്കപ്പെടുമെന്നായതോടെ ധനമന്ത്രി തോമസ്‌ഐസക് സി.എ.ജിക്ക് എതിരേ തിരിഞ്ഞിരിക്കുകയാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. വന്‍തട്ടിപ്പ് നടന്ന ലൈഫ് പദ്ധതിയുടെയും കെ. ഫോണ്‍, ഇമൊബിലിറ്റി പ്രോജക്ടുകളുടെയും ഫയലുകള്‍ ഇ.ഡി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ അതേ പരിഹാസ്യമായ ആരോപണങ്ങളാണ്ധനമന്ത്രി കിഫ്ബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ സി.എ.ജി ശ്രമിക്കുകയാണെന്നും കിഫ്ബി എടുക്കുന്ന വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ധനമന്ത്രിയുടെ ആരോപണം. സഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി പത്ര സമ്മേളനം നടത്തിയ മന്ത്രിയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു. 

കിഫ്ബി അഴിമതിയുടെ കൂടാരമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയുള്ള ഇടപാടുകളാണ് അവിടെ നടക്കുന്നത്. സി.എ.ജി ഓഡിറ്റിലൂടെ ഇത് പുറത്തുവരും എന്ന ഭയം കൊണ്ടാണ് മന്ത്രി ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്. കാരണം മസാല ബോണ്ടുകളും മറ്റും വഴി വാങ്ങിക്കൂട്ടിയ വായ്പകള്‍ സുതാര്യമായിരുന്നില്ല.അവ ഭരണഘടനാപരവുമല്ല. സി.എ.ജി അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടാവാം. അതാണ് മന്ത്രിയെ ഭയപ്പെടുത്തിയത്. നേരത്തെ കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് പാടില്ല എന്ന നിലപാടായിരുന്നു തോമസ് ഐസക്ക് സ്വീകരിച്ചിരുന്നത്. സി.എ. ജി ആക്ടിലെ 20(2) അനുസരിച്ചുള്ള സമ്പൂര്‍ണ്ണ ഓഡിറ്റിംഗിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.എ.ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.പക്ഷേ സി.എ.ജി.ആക്ട് 14(1) അനുസരിച്ചുള്ള പരിമിതമായ ഓഡിറ്റ് മാത്രം സി.എ.ജി നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ അന്ന് നിലപാടെടുത്തത്. 14(1) അനുസരിച്ച് കിഫ് ബിയിലെ സര്‍ക്കാര്‍ ഫണ്ടില്‍ മാത്രമേ ഓഡിറ്റ് ചെയ്യാനാവൂ.ആ ഓഡിറ്റ് മാത്രമാണ് ഇപ്പോള്‍ നടത്തിയത്.അതില്‍ തന്നെ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ടാവണം.അതാണ് ധനകാര്യമന്ത്രിക്ക് ഇത്ര പരിഭ്രാന്തി ഉണ്ടായത്. മടിയില്‍ നല്ല കനമുള്ളതുകൊണ്ടാണ് ഈ പരിഭ്രാന്തി. വികസനപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയല്ല,അതിലെ കള്ളത്തരം പിടികൂടുകയാണ് സി.എ.ജി ചെയ്യുന്നത്.

സി.എ.ജിയുടെ ഏത് റിപ്പോര്‍ട്ടാണ് മന്ത്രി പരാമര്‍ശിക്കുന്നത്? ഇങ്ങനെ ഒരു റിപ്പോര്‍ട്ട്‌നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടില്ല.സാധാരണ സി.എ.ജി.റിപ്പോര്‍ട്ടുകള്‍ ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും പി.എ.സി പരിശോധിക്കുകയും തുടര്‍ന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുകയുമാണ് പതിവ്.അപ്പോഴേ ആ  റിപ്പോര്‍ട്ട് പബ്ലിക്ക് ഡോമയിനില്‍ വരികയുള്ളു. ഇവിടെ നിയമസഭയുടെ മേശപ്പുറത്തുപോലും വയ്ക്കാതെ ഒരു റിപ്പോര്‍ട്ട് മന്ത്രി തന്നെ ചോര്‍ത്തി പത്രസമ്മേളനം നടത്തുന്ന അസാധാരണ സംഭവമാണ് ഉണ്ടായിരിക്കുന്നത്. 

കരട് സി.എ.ജി റിപ്പോര്‍ട്ട് എന്നാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിക്ക് സി.എ.ജി ഫൈനലൈസ് ചെയ്യാത്ത ഒരു റിപ്പോര്‍ട്ടിനെ എങ്ങനെ പത്രസമ്മേളനം നടത്തി വിമര്‍ശിക്കാന്‍കഴിയും? മന്ത്രി നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുപോകുന്നത് നിയമസഭയുടെ അവകാശലംഘനമാണ്.അവകാശലംഘത്തിന് മന്ത്രിക്കെതിരെ സ്പീക്കര്‍ നടപടി എടുക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related News