സംസ്ഥാനത്ത് കെ ഫോണ്‍ ഉടനെത്തും

  • 15/11/2020

സംസ്ഥാനത്ത് കെ ഫോണ്‍ പദ്ധതി ഉടന്‍ നടപ്പിലാകുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. എല്‍ഡിഎഫ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വിവരസാങ്കേതികവിദ്യയുടെ ഒരു ഹബാക്കി മാറ്റുക എന്ന വലിയ ലക്ഷ്യമാണ് കെ ഫോണ്‍ പദ്ധതിക്കുള്ളത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകളിലൂടെ ഫൈബര്‍ ഒപ്ടിക് കേബിള്‍ വലിച്ച് സംസ്ഥാനത്തൊട്ടാകെ ഒരു ഫൈബര്‍ നെറ്റ് വര്‍ക്ക് ഒരുക്കുകയും സംസ്ഥാനത്തെ 30,000 ത്തിലധികം സര്‍ക്കാര്‍ ഓഫീസുകളെ ഈ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കുകയുമാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ഇതോടൊപ്പം 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ്  കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്യും എന്നും മന്ത്രി അറിയിച്ചു. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ പദ്ധതിയുടെ നിര്‍മ്മാണം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഏല്‍പ്പിക്കുകയും നിര്‍മ്മാണം നടന്നു വരുകയുമാണ്. വിവര സങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ലഭിക്കാന്‍  മുഴുവന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം മൗലീകാവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ആ അവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് കെ ഫോണ്‍. 

കെ ഫോണ്‍ പദ്ധതി തകര്‍ക്കാനുള്ള വലിയ ശ്രമമുണ്ടാകുകയാണ്. ഇന്റര്‍നെറ്റ് രംഗം കുത്തകയാക്കി വന്‍ലാഭം കൊയ്തു കൊണ്ടിരിക്കുന്ന ചില വന്‍ കമ്പനികളുടെ വിടുപണിയാണ് കെ ഫോണ്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ എന്തു വില കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ വളര്‍ച്ചയുമൊക്കെ ലക്ഷ്യം വെക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും എന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് എന്നും എംഎം മണി പറഞ്ഞു. 

Related News