പിണറായി സര്‍ക്കാര്‍ കേരളത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പാക്കുന്നു: ചെന്നിത്തല

  • 17/11/2020

കിന്‍ഫ്ര മുതല്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകള്‍ വരെ എല്ലായിടത്തും നിരവധി ആളുകള്‍ നിയമിക്കപ്പെടുന്നുണ്ടെങ്കിലും എല്ലാം പിന്‍വാതിലിലൂടെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ മുഴുവന്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ട് പി എസ് സി റാങ്ക് ജേതാക്കളോട്  കടുത്ത നീതി നിഷേധമാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്.

പതിനായിരം രൂപ മാസ ശമ്പളമുള്ള ജോലിക്ക് വേണ്ടി യുവാക്കള്‍ തെരുവില്‍ സമരം നടത്തുമ്പോള്‍ പതിനായിരം രൂപ ദിവസ വേതനത്തിനാണ്  കിഫ്ബിയില്‍ ഇഷ്ടക്കാരെ തിരുകികയറ്റിയിരിക്കുന്നത്. മൂന്ന് ലക്ഷം ശമ്പളം പറ്റുന്ന സിഇഒ മുതല്‍ ചീഫ് സെക്രട്ടറിയെക്കാള്‍ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരുമാണ് കിഫ്ബിയിലുള്ളത് എന്നും ചെന്നിത്തല പറഞ്ഞു. 

സ്വന്തക്കാര്‍ക്കും, ബന്ധുക്കാര്‍ക്കുമായി ഇത്രയധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കുത്ത്‌കേസ് പ്രതിയെ  പി എസ് സി റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചു, പി എസ് സി യുടെ വിശ്വാസ്യത പോലും ഇല്ലാതാക്കിയ സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related News