മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെ: വിവാദങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്ക്

  • 17/11/2020

കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയില്‍ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. "ഏതു നിരക്കിലെ പലിശ സ്വീകരിച്ചാലും അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകുമായിരുന്നു എന്നേ പ്രതിപക്ഷം പറയൂ. അല്ലെങ്കില്‍ ഇതിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് എവിടെ ആരു പണം വാങ്ങിയെന്ന് കൃത്യമായി തെളിവുസഹിതം പറയണം. അതു പറയാന്‍ ഇവര്‍ തയ്യാറുമല്ല.

വിമര്‍ശകര്‍ പറയുന്നതുപോലെ കിഫ്ബിയും ആഭ്യന്തരവിപണിയിലെ സാധ്യതകള്‍ അന്വേഷിച്ചിരുന്നു. കിഫ്ബി ടെന്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റല്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അഥോറിറ്റി ശ്രമിച്ചപ്പോള്‍ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണ്. അപ്പോഴുയരുന്ന മറ്റൊരു ചോദ്യം അതേകാലത്ത് മറ്റ് പലസ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കിയിട്ടുണ്ടല്ലോ എന്നതാണ്. അതും വസ്തുതകള്‍ അറിയാതെയുള്ള വിമര്‍ശമാണ്. കുറഞ്ഞ പലിശ എന്നു പറയുന്നത് യുഎസ് ഡോളറില്‍ ഇറക്കുന്ന ബോണ്ടിനാണ്. വിദേശധനകാര്യവിപണികളില്‍ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കി ധനസമാഹരണത്തിന് വേണ്ടി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഇറക്കാന്‍ കഴിയുന്ന ബോണ്ടാണ് മസാലബോണ്ട്. റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള ബോണ്ടാണിത്. കിഫ്ബി ഇറക്കിയത് ഈ മസാല ബോണ്ടാണ്.യുഎസ് ഡോളറിലെ ബോണ്ട് ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കിയുളള മസാലബോണ്ടിലേക്ക്  പരിവര്‍ത്തനപ്പെടുത്തിയിട്ട് വേണം നിരക്ക് താരതമ്യം ചെയ്യാന്‍. അല്ലെങ്കില്‍ ആപ്പിളിനെയും ഓറഞ്ചിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നതു പോലെയാകും.നമുക്ക് ആപ്പിളിനെ ആപ്പിളിനോടാണ് താരതമ്യം ചെയ്യേണ്ടത്. 

കിഫ്ബിയുടെ ആ സമയത്തെ റേറ്റിങ് ആയ ബിബി യ്ക്ക് സമാനമായ ബിബി ബാന്‍ഡില്‍ റേറ്റിങ് വരുന്ന സ്ഥാപനങ്ങളായ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ജിഎംആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ജുബിലന്റ് ഫാര്‍മ, റിന്യൂ പവര്‍ എന്നിവ യുഎസ് ഡോളറില്‍ ഇറക്കിയ ബോണ്ടുകളുടെ നിരക്കുകള്‍ യഥാക്രമം 5.95, 5.375, 6.00 , 6.67  എന്നിങ്ങനെയാണ്. 

കിഫ്ബിയുടെ മസാല ബോണ്ട് നിരക്കായ 9.723 ശതമാനം എന്നത് ഡോളറിലേക്ക് പരിവര്‍ത്തന പെടുത്തുമ്പോഴാകട്ടെ കിട്ടുന്നത് 4.68 ശതമാനം മാത്രം. ഏതുതരത്തില്‍ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശധനകാര്യവിപണിയില്‍ നിന്ന് പണം കിട്ടിയത് എന്നു ചുരുക്കം.

ഇങ്ങനെ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ഈ വിനിയോഗവിവരകണക്കുകള്‍ റിസര്‍വ് ബാങ്കിനെ എല്ലാ മാസവുംഅറിയിക്കുന്നുമുണ്ട്.ഏതു പ്രോജക്ടിനാണ് മസാല ബോണ്ടിലെ തുക ഉപയോഗിച്ചിരിക്കുന്നത്. അത് എത്രയാണ്,അതിന്റെ ബില്‍ വിവരങ്ങള്‍, എത്ര ബാക്കിയുണ്ട്, അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നിവയെല്ലാമടങ്ങിയ സമഗ്രമായ രേഖയാണ് ഫോം ഇസിബി ടു"  എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

Related News