സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന; സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുന്നതായി ചെന്നിത്തല

  • 18/11/2020

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നില്‍ സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്കി എന്നും അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ച 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം വരെയുള്ള വാര്‍ഷിക ഫീസിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസ് നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അല്‍പ്പം പോലും  ജാഗ്രത കാണിച്ചില്ല. അത് കൊണ്ടാണ് 11 ലക്ഷം മുതല്‍ 22 ലക്ഷം വരെ വാര്‍ഷിക ഫീസ് ഈടാക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുളള അനുമതി ഹൈക്കോടതിയില്‍ നിന്ന് നേടാന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് അമ്പതിനായിരം രൂപ കൂടുതല്‍ വാങ്ങിക്കാനാണ് സ്വാശ്രയ മാനേജ്‌മെന്റുകളോട് രാജേന്ദ്ര ബാബു കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലുള്ള ഫീസ് നിരക്കില്‍ നിന്ന് മൂന്നിരട്ടി കൂടുതല്‍ വേണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഇതിന് വഴങ്ങിക്കൊടുക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്.ആറ് മുതല്‍ എട്ട് ലക്ഷം  രൂപ വരെയുള്ള ഫീസ് നിരക്ക് ഇരുപത് ലക്ഷം വരെയാക്കണമെന്ന മാനേജ്‌മെന്റുകളുടെ ശാഠ്യത്തെ സര്‍ക്കാര്‍ ഒരിക്കലും അംഗീകരിച്ച് കൊടുക്കരുത്. പണമുളളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന നിലപാടിനൊപ്പമാണോ സര്‍ക്കാര്‍ എന്നും അദ്ദേഹം ചോദിച്ചു. 

എല്ലാ വര്‍ഷവും ഫീസ് വര്‍ധനയെന്ന മുറവിളി സ്വാകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഉയര്‍ത്താറുണ്ട്.എന്നാല്‍ പലപ്പോഴും സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് അവര്‍ അംഗീകരിക്കുകയാണ് പതിവ്.എന്നാല്‍ ഇത്തവണ അവര്‍ ഹൈക്കോടതിയില്‍ പോവുകയും,സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പിടിപ്പ് കേട് കൊണ്ട് അമിത ഫീസ് ഈടാക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു.   മാനേജ്‌മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് ഈടാക്കാന്‍ അവസരം നല്‍കുന്ന ഈ വിധി റദ്ദ് ചെയ്യുന്നതിനായിസുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു. 

Related News