അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല: ടിവി രാജേഷ്

  • 23/11/2020


വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്നതോ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതോ ആയ ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല. അത് ഇടതുപക്ഷത്തിന്റെ നയമല്ലെന്ന് ടിവി രാജേഷ് എംഎല്‍എ. ഇപ്പോള്‍ ഓര്‍ഡിനന്‍സ് ആയി കൊണ്ടുവന്നിട്ടുള്ള പോലീസ് ഭേദഗതി നിയമം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണ് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം 


അടുത്തകാലത്താണ് സോഷ്യല്‍മീഡിയ ദുരുപയോഗങ്ങള്‍ പരിധിവിട്ട് പൊതുസമൂഹത്തിലേക്ക് ഇറങ്ങിവന്നുതുടങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇരകളായത് സ്ത്രീകളാണ്. വ്യക്തിപരമായ കാര്യങ്ങളോ നിലപാടുകളോ തുടങ്ങി കുടുംബകാര്യങ്ങള്‍ മുതല്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ വരെ കൂട്ടമായ ആക്രമണത്തിന് ഇരയായിരുന്നു. ആത്മഹത്യകളിലേക്ക് വരെ ഇത്തരം ആക്രമണങ്ങള്‍ വഴിവെച്ചു. ഒടുവില്‍ സഹികെട്ട സ്ത്രീസമൂഹം നിയമം കയ്യിലെടുക്കും എന്ന നിലയില്‍ വരെ കാര്യങ്ങളെത്തി. ശക്തമായ ഒരു നിയമം ഇവിടെയില്ലാത്തതാണ് ഇതിനൊക്കെ കാരണം. എന്ത് തോന്ന്യവാസവും കാണിച്ചുകൂട്ടാന്‍ മടിക്കാത്ത ഒരു കൂട്ടം സാമൂഹ്യവിരുദ്ധരെ സോഷ്യല്‍മീഡിയകളില്‍ നിന്നും അടിച്ചോടിക്കുക തന്നെ വേണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക തന്നെ വേണം. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പോലീസ് ആക്ട് ഭേദഗതി ചെയ്ത് പുതിയ നിയമം കൊണ്ടുവന്നത്.

എന്നാല്‍ പുതിയ ഭേദഗതി നിയമത്തില്‍ പൗരന്റെ അവകാശങ്ങളെ ഇല്ലാതാക്കുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നുവരികയുണ്ടായി. വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്നതോ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതോ ആയ ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല. അത് ഇടതുപക്ഷത്തിന്റെ നയമല്ല. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന എല്ലാ അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനം ദേശീയതലത്തില്‍ സ്വീകരിക്കുമ്പോള്‍ അതിന് എതിരെ നിന്നിട്ടുള്ളത് ഇടതുപക്ഷവും കേരളവുമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഓര്‍ഡിനന്‍സ് ആയി കൊണ്ടുവന്നിട്ടുള്ള പോലീസ് ഭേദഗതി നിയമം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണ്.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം വേണം എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍ എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്തും നിയമസഭയില്‍ ചര്‍ച്ച ചെയ്തും ഈ ഭേദഗതിയില്‍ ആവശ്യമായ മാറ്റംവരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഇത്രമാത്രം കരുതലും സൂക്ഷ്മതയും പുലര്‍ത്തുന്ന ഒരു സര്‍ക്കാരായതിനാലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്.

Related News