കെ-റെയില്‍: പിണറായിയുടെ ഹൈസ്പീഡ് അഴിമതി പദ്ധതി: ചെന്നിത്തല

  • 24/11/2020

കെ-റെയില്‍ പിണറായിയുടെ ഹൈസ്പീഡ് അഴിമതി പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാഥമിക നടപടിക്രമങ്ങള്‍ പോലും  പൂര്‍ത്തിയാക്കാതെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും, അതിന്റെ മറവില്‍ കണ്‍സള്‍ടന്‍സികള്‍ വഴിയും അല്ലാതെയും കമ്മീഷന്‍ പറ്റുകയും ചെയ്യുന്നതാണ് തുടക്കം മുതല്‍ക്കുള്ള  പിണറായി സര്‍ക്കാരിന്റെ രീതി. ഇതിന്റെ പുതിയ ഉദാഹരണമാണ് സര്‍ക്കാര്‍  കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തിയ കെ  റെയില്‍ പദ്ധതി എന്നും അദ്ദേഹം ആരോപിച്ചു. 

"പദ്ധതി നടത്തിപ്പിനാവശ്യമായ  തുകയില്‍  28% സംസ്ഥാന സര്‍ക്കാരും, 20% കേന്ദ്ര സര്‍ക്കാരും, 52% വായ്പയിലൂടെയുമാണ്  സമാഹരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഈ  പദ്ധതി ഉപേക്ഷിച്ചു കഴിഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പരാധീനതയിലാണ് എന്ന് ധനമന്ത്രി തന്നെ സാക്ഷ്യപെടുത്തുന്നു.  എന്നിട്ടും, വിദേശ ഏജന്‍സികളില്‍ നിന്നും പദ്ധതിയുടെ പേരില്‍ വായ്പ എടുക്കാനും, അതിന്റെ കമ്മീഷന്‍ പറ്റാനുമാണ്  സര്‍ക്കാര്‍ നീക്കം. വിദേശ ഏജന്‍സികള്‍ വായ്പ തരണമെങ്കില്‍ ഭൂമി ഈടായി  നല്‍കണം. അതിന് കെ റെയില്‍ കമ്പനിയുടെ പേരില്‍ ഭൂമി വേണം. അതിനു വേണ്ടി  നടക്കാത്ത  പദ്ധതിയുടെ പേരില്‍  20000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്, 50,000 കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാക്കി, ആ ഭൂമി ഏറ്റെടുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഭൂമി 

കെ റയില്‍ കമ്പനിയുടെ പേരിലാക്കി, അത് പണയപ്പെടുത്തി വായ്പ എടുക്കാനും, അതിന്റെ കമ്മിഷന്‍ തട്ടാനുമാണ് സര്‍ക്കാര്‍ നീക്കം. 30000 കോടി വായ്പ എടുത്താല്‍, 1500 കോടി വരെ കമ്മീഷന്‍ കിട്ടും.
ഈ ചൂഷക പദ്ധതിയുടെ പിന്നിലും ആസൂത്രകനായി ശിവശങ്കര്‍ ഉണ്ട് എന്ന വസ്തുത കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ഈ പദ്ധതിയെ കേന്ദ്ര ധനകാര്യ വകുപ്പ് എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു വന്‍കിട പദ്ധതിയ്ക്ക് ആവശ്യമായ പാരിസ്ഥിതികാഘാത പഠനമോ, സാമൂഹികാഘാത പഠനമോ പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കേന്ദ്ര അനുമതി കൂടാതെ മുന്നോട്ട് പോകരുത് എന്നും, പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയ ഉത്തരവ് നിലനില്‍ക്കുന്നതല്ല എന്നും  ചൂണ്ടികാണിച്ച്  റവന്യൂ വകുപ്പ്  മന്ത്രി തന്നെ ഈ പദ്ധതിയെ  എതിര്‍ത്തിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ്  അടിയന്തരമായ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ഇതിന്റെ പദ്ധതി തയ്യാറാക്കാന്‍ തന്നെ വിവാദ ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സിയായ സിസ്ട്രയ്ക്ക് 27 കോടിയുടെ കരാര്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. ഇത്രയും വലിയ തോതില്‍ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ ആവശ്യമായ പദ്ധതി പൊതുജനാഭിപ്രായം രൂപീകരിക്കാതെ നടത്താനുള്ള തീരുമാനം ദുരൂഹമാണ്. ഈ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം" എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

Related News