കേരളത്തിൽ രണ്ടാംഘട്ട കൊറോണ വ്യാപനം ആദ്യഘട്ടത്തിലേക്കാൾ അതിവേഗത്തിൽ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  • 28/03/2021

കൊച്ചി: കേരളത്തിൽ രണ്ടാംഘട്ട കൊറോണ വ്യാപനം ആദ്യഘട്ടത്തിലേക്കാൾ അതിവേഗത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടതോടെ രണ്ടുമാസത്തിനകം ഇപ്പോൾ താഴ്ന്നു നിൽക്കുന്ന കൊറോണ കണക്കുകൾ കുതിച്ചുയർന്നേക്കാമെന്നാണ് നിഗമനം. രോഗവ്യാപനം കണക്കിലെടുത്ത് 45 നു മുകളിൽ പ്രായമുളളവർ എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.  

തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായതോടെ പലയിടത്തും സുരക്ഷ ക്രമീകരണങ്ങൾ താറുമാറയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ  30000 ൽ നിന്ന് 60000 ലേയ്ക്ക് കൊറോണ പ്രതിദിന വർധനയെത്താൻ 23 ദിവസം എടുത്തെങ്കിൽ ഇപ്പോൾ രണ്ടാം വരവിൽ 10 ദിവസമേ വേണ്ടി വന്നുളളു. കൊറോണ വർധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തിൽ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. 

വ്യാപന ശേഷി കൂടുതലായതിനാൽ മരണ നിരക്കും ഉയർന്നേക്കാമെന്നാണ് സൂചനകൾ. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററർ, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേർ മാത്രമേ വാക്സീനെടുത്തിട്ടുളളു. 

കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട സിറോ സർവേ റിപ്പോർട്ടു പ്രകാരം 38 ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ വന്നുപോയത്. അതിനർത്ഥം മൂന്നരക്കോടി ജനസംഖ്യയിൽ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്നും കൂടിയാണ്.

Related News