ഓപ്പറേഷൻ ട്വിൻസ്’; 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടർമാരുടെ പട്ടിക പുറത്തുവിട്ട് രമേശ് ചെന്നിത്തല

  • 01/04/2021


തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടർമാരുടെ പട്ടിക പുറത്തുവിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ ട്വിൻസ്’ ( www.operationtwins.com) എന്ന വെബ്സൈറ്റ് വഴിയാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടർ ഐ ഡിയിലും ചേർത്ത വോട്ട് വിവരങ്ങളുമാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയോജകമണ്ഡലത്തിന്റെ നമ്പർ, ബൂത്ത് നമ്പർ, സ്ഥാനാർത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടർ ഐ ഡി നമ്പർ, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിൽ ഉള്ള വോട്ടിന്റെ ഐ ഡി നമ്പർ, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിൽ ഉള്ള വോട്ടിന്റെ ഐ ഡി നമ്പർ, വിലാസം എന്നീ വിവരങ്ങളാണ് ഈ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുള്ളത്.

വെബ്‌സൈറ്റിലെ ഈ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് കെപിസിസി അധികൃതർ അറിയിച്ചത്. ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പുതിയ അപ്‌ഡേഷനുകളിൽ ഉണ്ടാകുമെന്നും, തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റിൽ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Related News