പരസ്യപ്രചാരണം അവസാനിച്ചു; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടി

  • 04/04/2021


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പരസ്യ പ്രചാരണത്തിന്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകൻ എത്തിയതാണ് ഇവിടെ സംഘർഷത്തിന് കാരണമായത്.

പോലീസ് ഇടപെട്ട് പ്രവർത്തകരെ പിടിച്ച്‌ മാറ്റിയെങ്കിലും പരസ്യപ്രചാരണം അവസാനിച്ച ശേഷം ഇരുകൂട്ടരും വീണ്ടും ചെറുതോണി ടൗണിൽ സംഘടിച്ചെത്തി ഏറ്റുമുട്ടി. പോലീസും സുരക്ഷ സേനാംഗങ്ങളും ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. കൊല്ലം അഞ്ചൽ കരുകോണിലും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റ്മുട്ടി. പോലീസ് ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.ബിജെപി പ്രവർത്തകർ പ്രചാരണം നിർത്താത്തത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതതാണ് സംഘർഷത്തിനിടയാക്കിയത്. പോലീസെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്.

Related News