ആവേശം കൊട്ടിക്കയറി കൊട്ടിക്കലാശം: പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണത്തിൻറെ മണിക്കൂറുകൾ, മറ്റന്നാൾ കേരളം ബോളിങ് ബൂത്തിലേക്ക്

  • 04/04/2021

തിരുവനന്തപുരം: ആവേശം കൊട്ടിക്കയറിയ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇനി നിശബ്ദ പ്രചാരണത്തിൻറെ മണിക്കൂറുകൾ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം കേരളത്തിൽ അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം കടലോളം ആവേശമാണ് പരസ്യപ്രചാരണത്തിൻറെ അവസാന മണിക്കൂറുകളിൽ കണ്ടത്. പലയിടങ്ങളിലും വാനുകളിൽ സ്ഥാനാർത്ഥികൾ അവസാനനിമിഷം വോട്ടർമാരെ കാണാനെത്തി. വയനാട് ജില്ലയിൽ പ്രചാരണം വൈകുന്നേരം ആറ് മണിയോടെ തന്നെ പ്രചാരണം അവസാനിച്ചു. മറ്റ് ജില്ലകളിൽ ഏഴ് മണിയോടെ പരസ്യപ്രചാരണത്തിന് അവസാനമായി.

മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായി മാറിയത്. നേമത്ത് കെ മുരളീധരൻറെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നാണ് മടങ്ങിയത്. ഇടതുപക്ഷത്തിൻറെ സ്റ്റാർ ക്യാമ്പെയിനറായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിൻറെ അവസാനമണിക്കൂറുകളിൽ ആവേശമായത്. 

ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളിൽ ശ്രദ്ധയൂന്നിയത്. ഉമ്മൻ ചാണ്ടിയും കെ.സുരേന്ദ്രനും പരസ്യപ്രചാരണവും കൊട്ടിക്കലാശവും ഒഴിവാക്കിയിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖ നേതാക്കളുമെല്ലാം മണ്ഡലത്തിൽ തന്നെ നിലയുറപ്പിച്ചായിരുന്നു കലാശപ്രചാരണം.

തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രണ്ടുകോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിങ് ബൂത്തിലെത്തും. അമ്ബത്തിയൊമ്ബതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനം ഒട്ടാകെ വിന്യസിപ്പിച്ചിരിക്കുന്നത്. 140 കമ്ബനി കേന്ദ്ര സേനയും രംഗത്തുണ്ട്. പോളിങ് ഏജന്റുമാർക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തും.

Related News