സ്പ്രിംഗ്ലര്‍: പുതിയ അന്വേഷണ സമിതി സര്‍ക്കാരിനെ വെള്ളപൂശാനോ? ചെന്നിത്തല

  • 25/11/2020


സ്പ്രിംഗ്ലര്‍ വിഷയത്തില്‍ ആദ്യ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു സര്‍ക്കാര്‍ രണ്ടാംകമ്മിറ്റിയെ പഠിക്കാന്‍ നിയോഗിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെയ്തുകൂട്ടിയ അഴിമതികളെല്ലാം വെള്ളപൂശാനാണ് പുതിയ കമ്മിറ്റിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറിനെതിരേ ഗുരുതരമായ ആക്ഷേപമാണ്  ആദ്യ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത് എന്നും അദ്ദേഹം ആരോപിച്ചു. 

"മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേന്ദ്ര ഐടി  സ്‌പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന മാധവന്‍ നമ്പ്യാര്‍ , രാജ്യാന്തര പ്രശസ്ത സൈബര്‍ വിദ്ഗധനും  ഇന്ത്യാ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി  കോഓര്‍ഡിനേറ്ററുമായിരുന്ന ഡോ.ഗുല്‍ഷന്‍ റായിയുമായിരുന്നു ആദ്യം സ്പ്രിംക്ലര്‍ വിഷയത്തില്‍ അന്വേഷണം നടത്തിയത്.നടപടി ക്രമങ്ങളില്‍ മാത്രമല്ല, ഡേറ്റ പ്രൈവസി സംബന്ധിച്ചും ഗുരുതരമായ പിഴവുകള്‍ പിണറായി സര്‍ക്കാറിന് സംഭവിച്ചതായി അവരുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിക്കാനാണ് മുന്‍ ജില്ലാ ജഡ്ജിയും റിട്ട. കോളജ് പ്രഫസര്‍മാരും ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. സാധാരണ ഒരു അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറ്റൊരു കമ്മിറ്റി പരിശോധിക്കുമ്പോള്‍ കൂടുതല്‍ യോഗ്യതയുള്ളവരാണ് പരിശോധിക്കേണ്ടത്. ഇവിടെ ഇത് നേരെ മറിച്ചാണ്.
മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പായ ഐടി വകുപ്പില്‍ ഇപ്പോള്‍ ജയിലിലുള്ള അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ നേതൃത്വത്തില്‍  നടത്തിയ തീവെട്ടിക്കൊള്ളയാണ്  സ്പ്രിംക്ലര്‍ തട്ടിപ്പ്.  ഈ തട്ടിപ്പ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിനെ വെള്ളപൂശാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചിരുന്നത്. ഗത്യന്തരമില്ലാതെയാണ് ആദ്യ കമ്മിറ്റിയെ നിയോഗിച്ചത്. അവരുടെ റിപ്പോര്‍ട്ട് എതിരായതോടെ പ്രാദേശിക കമ്മിറ്റി ഉണ്ടാക്കിയിരിക്കുകയാണ്.  ഇടത് അനുകൂല സര്‍വീസ് സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നവര്‍ വരെ കമ്മിറ്റിയിലുണ്ട്. സര്‍ക്കാറിന് അനുകൂലമായി റിപ്പോര്‍ട്ട് ലഭിക്കുംവരെ കമ്മിറ്റികളെ മാറിമാറി നിയമിക്കുന്നതിന് പകരം മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്  പുറത്തുവിടാന്‍  പിണറായി വിജയന്‍  തയ്യാറാകണം" എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Related News