ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ

  • 09/04/2021

കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ക്രൈംബ്രാഞ്ച് എഫ്ഐആർ നിയമപരമായി നിലനിൽക്കില്ലെന്നും അത് റദ്ദാക്കണമെന്നും ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് നിയമം ദുരുപയോഗം ചെയ്യുകയാണ്. കള്ളപ്പണക്കേസിൽ ഇടപെടാനാണ് കേസ് രജിസ്റ്റർ ചെയ്തതിലൂടെ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഉന്നതരുടെ പേരുകളുൾപ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങൾക്ക് ചോർത്തിയിട്ടില്ലെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ഉന്നയിച്ച വാദഗതികൾക്ക് മറുപടിയായി ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആദ്യ കേസ് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു, ഇത് കോടതിയലക്ഷ്യമാണെന്നാണ് ഇഡിയുടെ പ്രധാന വാദം. ക്രൈംബ്രാഞ്ച് കള്ളക്കഥകൾ മെനയുകയാണ്. ഇഡി ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ശ്രമമാണെന്നും ഇ.ഡി വാദിച്ചു.

ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിൻറെ മറുപടി. എട്ടു മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയാണെന്നും ഇ.ഡി ആരോപിച്ചു.

Related News