സർക്കാർതലത്തിൽ സ്വകാര്യ ഏജൻസികളെ സ്ഥാപിച്ചിട്ടും കൊറോണ പരിശോധന വർദ്ധിക്കുന്നില്ല

  • 13/04/2021

തൃശ്ശൂർ: കൊറോണ നിർണയ പരിശോധനയ്ക്ക് സർക്കാർതലത്തിൽ സ്വകാര്യ ഏജൻസികളെ സ്ഥാപിച്ചിട്ടും പരിശോധനകളുടെ എണ്ണത്തിൽ ഉദ്ദേശിച്ചത്ര വർധനയില്ല. 37,000-ഓളം പരിശോധനകളാണ് ദിവസേന ഇപ്പൊൾ നടക്കുന്നത്. എന്നൽ ഇതിൽ 25,000-ൽ താഴെ മാത്രമാണ് സർക്കാർ സ്ഥാപനങ്ങളിലെ പരിശോധനകളുടെ എണ്ണം.

സ്പൈസ് ഹെൽത്ത്, സാൻഡോർ മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് എജൻസികൾക്കാണ് പത്ത് ജില്ലകളിലെ ആർ.ടി.പി.സി.ആർ. സാമ്പിൾ കളക്ഷന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കരാർ നൽകിയത്. മാർച്ച് മുതലാണ് ഇവർ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് സാമ്പിൾ ശേഖരിച്ചുതുടങ്ങിയത്.

ദിവസേന രണ്ടായിരം സാമ്പിളുകൾവരെ ശേഖരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോഴും മിക്കജില്ലകളിലും ഇവർ ശേഖരിക്കുന്ന സാമ്പിളുകളുടെ എണ്ണം ആയിരത്തിൽ താഴെയാണ്. തൃശ്ശൂർ പോലുള്ള ജില്ലകളിൽ 400-ൽ താഴെ ആർ.ടി.പി.സി.ആർ. പരിശോധന മാത്രമാണ് സ്വകാര്യ ഏജൻസിയുടെ ലാബുകൾ വഴി നടക്കുന്നത്.

പല ജില്ലാ മെഡിക്കൽ ഓഫീസർമാരും സ്വകാര്യ ഏജൻസികൾ വഴിയുള്ള ആർ.ടി.പി.സി.ആർ. പരിശോധനകളുടെ എണ്ണം കൂട്ടാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ജനറൽ മാനേജർക്കടക്കം പരാതി നൽകിയിട്ടുണ്ട്.

സർക്കാർ ആശുപത്രികളിലെ പരിശോധന ഏറ്റെടുത്ത ഏജൻസികളിലെ ജീവനക്കാരുടെ കുറവാണ് പരിശോധനകളുടെ എണ്ണം ഉയരാത്തതിന് കാരണം. ലാബുകളുടെ പ്രവർത്തനസമയവും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

2000 രൂപ വരെ ചെലവ് വരുന്ന ആർ.ടി.പി.സി.ആർ. പരിശോധന 500 രൂപയിൽ താഴെ നിരക്കിലാണ് സ്വകാര്യ ഏജൻസികൾ നടത്തുന്നത്. മൊബൈൽ ലാബുകളും ഈ ഏജൻസികൾക്കുണ്ട്.

Related News