മന്ത്രി കെടി ജലീൽ രാജിവെച്ചു

  • 13/04/2021

തിരുവനന്തപുരം: മന്ത്രി കെടി ജലീൽ രാജിവെച്ചു. അൽപസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമനക്കേസിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജലീൽ ഹൈക്കോടതിയിൽ റിട്ട്. ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെയാണ് രാജി വച്ചത്.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്.

അബീദിന്റെ നിയമനത്തിനായി ജനറൽ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. മന്ത്രി പദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്.

Related News