ജോണ്‍ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്; കെ കെ രാഗേഷിന് അവസരം നല്‍കേണ്ടതില്ലെന്ന് സിപിഎം

  • 16/04/2021

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്.

പാര്‍ട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ പേര് ആദ്യം മുതല്‍ തന്നെ സജീവമായിരുന്നു. പല തവണ ബ്രിട്ടാസിനെ രാജ്യസഭയില്‍ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് തടസമായത്. എന്നാല്‍ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യമാണ് ബ്രിട്ടാസിന് തുണയായതെന്നാണ് സൂചന.

എസ് എഫ് ഐ മുന്‍ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമാണ് ഡോ വി ശിവദാസന്‍. മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തില്‍ രണ്ട് പേരെ എല്‍ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി എമ്മിനുളളില്‍ നിലവിലെ ധാരണ.

കര്‍ഷക സമരത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ കെ കെ രാഗേഷിന് വീണ്ടും അവസരം നല്‍കണമെന്ന് സി പി എമ്മിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ടായിരുന്നു. സി പി എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ഒരുഘട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പേരും ഉയര്‍ന്നുകേട്ടു.

യു ഡി എഫില്‍ പി വി അബ്ദുള്‍ വഹാബാണ് സ്ഥാനാര്‍ത്ഥി. ഇന്ന് രാവിലെ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ‌്തു. അടുത്ത ചൊവാഴ്ച വരെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുളള സമയം. ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്.

Related News