തൃശൂർ പൂരത്തിന് നാളെ കൊടിയേറും: 8 ഘടകപൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്സീൻ

  • 16/04/2021

തൃശ്ശൂ‌‌‌ർ: തൃശൂർ പൂരത്തിന്റെ പങ്കാളികളായ 8 ഘടകപൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്സീൻ നൽകാൻ തീരുമാനം. വാക്സീൻ എടുത്ത എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം.

കണിമംഗലം, ലാലൂർ, അയ്യന്തോൾ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നീ 8 ഘടകക്ഷേത്രങ്ങളാണുളളത്. 50 പേർക്കു മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ഇതോടെ ആളുകളുടെ എണ്ണത്തിലുളള നിബന്ധന ജില്ല ഭരണകൂടം നീക്കി. വാക്സീൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ള ആർക്കും പങ്കെടുക്കാം.

ഓരോ ഘടകക്ഷേത്രങ്ങളും നൂറു പേരടങ്ങുന്ന മേളത്തിന് എൺപതിനായിരം രൂപ വരെയാണ് നൽകാറുള്ളത്. ഇതിനേക്കാൾ വലിയ തുക ആർടിപിസിആർ ടെസ്റ്റിനായി നൽകി പൂരത്തിൽ പങ്കെടുക്കുക അസാധ്യമാണെന്ന് ഘടകക്ഷേത്രങ്ങൾ വ്യക്തമാക്കി. സർക്കാർ ചെലവിൽ ഓരോ ഘടകക്ഷേത്രങ്ങളിലെ ഇരുന്നൂറു പേർക്കു വീതവും സൗജന്യമായി വാക്സീൻ നാളെ തൊട്ട് നൽകും.

Related News