ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലെ പതിമൂന്ന് ജില്ലകളിൽ; ഏറ്റവും കൂടുതൽ കോട്ടയത്ത്

  • 27/04/2021

തിരുവനന്തപുരം: ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലെ പതിമൂന്ന് ജില്ലകളിൽ എന്ന് റിപ്പോർട്ട്. ബി1  617 വൈറസ് ബാധ ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിലാണ്. ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം രൂക്ഷമായത്.

പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജനിതകമാറ്റ വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിരിക്കുന്നത്. ജിനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തൽ. ഈ സ്ഥാപനത്തെയാണ് വൈറസ് ബാധയെക്കുറിച്ച്‌ പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത്.

രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ നിന്നുള്ള സാംപിളുകൾ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഡെൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ പഠനത്തിന് വിധേയമാക്കുന്നുണ്ട്. ഈ മാസം ആദ്യവാരം ശേഖരിച്ച സാംപിളുകളിൽ നാൽപത് ശതമാനത്തിലും അതിവേഗ വ്യാപന ശേഷിയുള്ള വിവിധ വകഭേദങ്ങൾ സ്ഥിരീകരിച്ചു.

മുപ്പത് ശതമാനം യു കെ വകഭേദവും, ഏഴ് ശതമാനം ഇരട്ട വകഭേദം സംഭവിച്ച വൈറസും, രണ്ട് ശതമാനം ദക്ഷിണാഫ്രിക്കൻ വകഭേദവുമാണ് കണ്ടെത്തിയത്. ഏപ്രിൽ ആദ്യവാരത്തേക്കാൾ ഇപ്പോൾ കൂടുതൽ പേരിൽ വകഭേദങ്ങൾ ബാധിച്ചിരിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സ്ഥലങ്ങളിൽ പടരുന്നത് ഇത്തരം വൈറസാണെന്നാണ് സംശയം.

കഴിഞ്ഞ ഫെബ്രുവരിയിൽ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ മാർച്ചിൽ നടത്തിയ പഠനത്തിൽ ഇന്ത്യൻ വകഭേദവും ആഫ്രിക്കൻ വകഭേദവും കണ്ടെത്തിയിരുന്നു.

Related News