ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി ഉത്തരവിറക്കി സര്‍ക്കാര്‍

  • 30/04/2021

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്. ഇനി മുതല്‍ പുതുക്കിയ നിരക്കാവും പരിശോധനയക്കായി സ്വകാര്യ ലാബുകള്‍ ഈടാക്കുക. കഴിഞ്ഞ ദിവസം നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും ആളുകളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാരില്‍ നിന്നും ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, ഉത്തരവ് പുറപ്പെടുവിക്കുംവരെ പഴയ നിരക്ക് ഈടാക്കുമെന്നുമാണ് സ്വകാര്യ ലാബുടമകള്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചത്. 

മുന്‍പും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇത് വീണ്ടും 1700 രൂപയാക്കുകയായിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.

Related News