സംസ്ഥാനം വില കൊടുത്തു വാങ്ങുന്ന വാക്സിൻ എത്താൻ വൈകും; വാക്‌സിൻ നിർമാതാക്കൾ

  • 30/04/2021

തിരുവനന്തപുരം: സംസ്ഥാനം വിലകൊടുത്ത് വാങ്ങാൻ ഇരുന്ന വാക്‌സിൻ എത്താൻ വൈകുമെന്ന് മരുന്ന് നിർമ്മാണ കമ്പനി. വരുന്ന മൂന്നു മാസം കൊണ്ട് ഒരുകോടി ഡോസ് വാക്സിൻ വില കൊടുത്തു വാങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. വാക്സിൻ വാങ്ങുന്നതിനുള്ള ചർച്ചകൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വാക്സിൻ ക്ഷാമം നേരിടുന്ന കേരളത്തിന് തിരിച്ചടിയാകുന്ന നിർമ്മാതാക്കളുടെ അറിയിപ്പ്.

ഇപ്പോൾ ഓർഡർ ചെയ്താലും രണ്ടുമാസത്തിനുശേഷമേ വാക്സിൻ ലഭ്യമാക്കാൻ കഴിയുവെന്ന് നിർമാതാക്കൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് നൽകേണ്ട വാക്സിന്റെ ഉൽപ്പാദനം ആരംഭിച്ചിട്ടില്ല. വാക്‌സിന്റെ ഉത്പാദനവും ആവശ്യവും തമ്മിലുള്ള വലിയ അന്തരം തുടങ്ങിയ കാര്യങ്ങളാണ് കാരണമായി വാക്സിൻ നിർമാതാക്കൾ ചൂണ്ടിക്കാട്ടിയത്. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ നാളെ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കെയാണ് വാക്‌സിൻ നിർമാതാക്കളുടെ അറിയിപ്പ്. വിലയ്ക്കുവാങ്ങുന്ന വാക്സിൻ എത്താൻ വൈകും എന്നത് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ വൈകിപ്പിക്കും എന്ന ആശങ്കയും ശക്തമാക്കുന്നുണ്ട്.

അതേസമയം വാക്സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടവർക്കുള്ള സ്പോട്ട് രജിസ്ട്രേഷൻ ആരോഗ്യവകുപ്പ് ഒഴിവാക്കിയെങ്കിലും പല വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇത് തുടർന്നു. ഇതോടെ വലിയ തിരക്കാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.

Related News