കേരളത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കില്ല

  • 01/05/2021



ന്യൂഡല്‍ഹി: മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ വാക്‌സിന്‍ വിതരണം ഉണ്ടാകില്ല. കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍  ഇപ്പോള്‍ 18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കില്ലെന്ന് അസം, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ മെയ് അഞ്ച് മുതലാണ് 18ന് മുകളില്‍ പ്രായമായാവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. 

വാക്‌സിന്‍ ക്ഷാമം കാരണം ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ യജ്ഞത്തിന് തുടക്കമിട്ടത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഭാഗികമായി വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ചില ജില്ലകളില്‍ മാത്രമാണ് സൗകര്യം ലഭ്യമാകുക. 

വെള്ളിയാഴ്ച മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്‌സിന് ലഭ്യമായതിനാല്‍ മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ കുത്തിവെപ്പ് തുടങ്ങും. പൂനെ, മുംബൈ, താനെ എന്നിവിടങ്ങളിലേക്ക് 20,000 ഡോസ് വീതം നല്‍കി. മറ്റിടങ്ങളിലേക്ക് 3000 മുതല്‍ 10000 ഡോസുകള്‍ വരെയാണ് നല്‍കിയത്.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരങ്ങളില്‍ ഒന്നായ മുംബൈയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മൂന്ന് ദിവസം അടച്ചിടുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വാക്‌സിന് ഡോസ് തികയാതെ വന്നതോടെയാണ് വെള്ളിയാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രാദേശിക ഭരണകൂടം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ 75 ജില്ലകളില്‍ ഏഴിടത്ത് മാത്രമാണ് 18ന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. ലഖ്‌നോ, കാണ്‍പൂര്‍, പ്രയാഗ്‌രാജ്, വാരണാസി, ഖോരക്പൂര്‍, മീററ്റ്, ബറേലി ജില്ലകളിലാണ് യജ്ഞം ആരംഭിക്കുന്നത്.

രാജസ്ഥാനില്‍ അജ്മീര്‍, ജയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് വാക്‌സിനേഷന്‍ ഉണ്ടാകുക. ഗുജറാത്തിലെ 33 ജില്ലകളില്‍ 10 ഇടങ്ങളില്‍ മാത്രമാണ് 18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കുക. കഴിഞ്ഞ ദിവസം വൈകീട്ട് 1.5 ലക്ഷം കോവാക്‌സിന്‍ ലഭിച്ചതിനാല്‍ ഒഡീഷ സര്‍ക്കാര്‍ ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും.

ചത്തിസ്ഗഢ് സര്‍ക്കാറും വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്ത്യോദയ കാര്‍ഡ് ഉള്ളവര്‍ക്കും പിന്നോക്കാവസ്ഥയിലുള്ള ആദിവാസികള്‍ക്കുമാകും ഘട്ടത്തില്‍ കൂടുതല്‍ പരിഗണന ലഭിക്കുക.

മതിയായ വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ ലഭ്യമാകാത്തിനാല്‍ 18 വയസ് മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ മേയ് ഒന്നിന് വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തേണ്ടതില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനകം മൂന്ന് ലക്ഷം ഡോസ് കോവിഡീല്‍ഡ് വാക്‌സിന്‍ എത്തുമന്നും അതിന് ശേഷം കുത്തിവെപ്പ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News