ഇത്തവണ 4.5 ലക്ഷം തപാല്‍ വോട്ട്; തത്സമയ ഫലമറിയാന്‍ സംവിധാനമില്ല

  • 01/05/2021



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടെണ്ണല്‍ പ്രക്രിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര സൗകര്യമൊരുക്കാത്തതും തപാല്‍ വോട്ടുകളുടെ വര്‍ധനവും കാരണം ഫലമറിയാന്‍ കൂടുതല്‍ സമയമെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പോലെ വോട്ടെണ്ണലിന്റെ പുരോഗതി തത്സമയം അറിയിക്കുന്നതിനുള്ള സംവിധാനം ഇത്തവണ ഒരുക്കിയിട്ടില്ല.

ഇത്തവണ 4,53,237 തപാല്‍ വോട്ട് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് വരെ ലഭിക്കുന്ന തപാല്‍ വോട്ടും പരിഗണിക്കേണ്ടി വരും. തപാല്‍ വോട്ട് എണ്ണുന്നതിന് പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യം എണ്ണുന്നത് തപാല്‍ വോട്ടായതിനാല്‍ ആദ്യ ഫലസൂചന അറിയാന്‍ കഴിഞ്ഞ പ്രാവശ്യത്തേക്കള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം അറിയിക്കാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പതിവ് സൗകര്യങ്ങള്‍ പോലും ഇത്തവണ ഒരുക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയര്‍ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചനകളും വോട്ടെണ്ണല്‍ പുരോഗതിയും നല്‍കിയിരുന്നത്. ഇത്തവണ ഇത് കമ്മീഷന്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അതോടൊപ്പം വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ടി വി സ്‌ക്രീനുകളും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പകരം ട്രെന്‍ഡ് ടി വി എന്ന സോഫ്റ്റ്‌വെയര്‍ വഴി ഫലസൂചന നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ക്കുള്‍പ്പെടെ വോട്ടെണ്ണല്‍ തത്സമയ പുരോഗതിയും തിരഞ്ഞെടുപ്പ് ഫലവും യഥാസമയം എങ്ങനെ ലഭ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയവ്യക്തത വന്നിട്ടില്ല.

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മാധ്യമങ്ങളുള്‍പ്പെടെ ആശ്രയിക്കേണ്ടി വരിക. ഒരേസമയം കൂടുതല്‍ പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതോടെ അതും നിശ്ചലമാകാനാണ് സാധ്യത.

Related News